Image Credit : Twitter/X
പിതാവിനോട് ഫോണില്‍ സംസാരിച്ചതിന് പിന്നാലെ ചെനാബ് നദിയില്‍ ചാടി 21കാരി ജീവനൊടുക്കി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പായൽ ദേവി എന്ന യുവതിയാണ് പിതാവിനോട് യാത്ര പറഞ്ഞ ശേഷം പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി ജീവനൊടുക്കിയത്. സംഭവം നേരില്‍ കണ്ട നാട്ടുകാരില്‍ ചിലര്‍ യുവതിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും യുവതി നദിയിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രേം നഗറിന് സമീപമുള്ള ശിവ ദാൽ പാലത്തിൽ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. നദിയിൽ ചാടുന്നതിന് തൊട്ടുമുമ്പ് പായൽ ദേവിയും പിതാവ് കൃഷൻ ലാലും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൃഷ്ണലാലിന്‍റെ മൊഴി അനുസരിച്ച് സംഭവദിവസം പായല്‍ ദേവി ഒരു മേള കാണാന്‍ പോയിരുന്നു. അതിനുശേഷം തനിക്ക് സുഖമില്ലെന്നും ഡോകട്റെ കാണാന്‍ പോകുകയാണെന്നും യുവതി പിതാവിനെ അറിയിച്ചു. എന്നാല്‍ ഡോക്ടറെ കാണാന്‍ സാധിക്കാതെ വന്നതോടെ താന്‍ മറ്റൊരിടത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുകയാണെന്ന് യുവതി പിതാവിനെ അറിയിച്ചു. കുറച്ച് സമയത്തിനിപ്പുറം മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളാണ് പായല്‍ ദേവി പാലത്തില്‍ നിന്നും ചെനാബ് നദിയിലേക്ക് ചാടിയ വിവരം വിളിച്ചറിയിച്ചതെന്നും കൃഷ്ണലാല്‍ പറയുന്നു.
'ഇത് എന്‍റെ ജീവിതമാണ്, ഈ വഴി പോകാനാണ് എന്‍റെ മനസ് പറയുന്നത്, ബൈ ബൈ പപ്പാ' എന്നാണ് അവസാനമായി ഫോണിലൂടെ പറഞ്ഞതെന്നും കൃഷ്ണലാല്‍ വ്യക്തമാക്കി. പാലത്തില്‍ കുറച്ച് സമയം നിന്ന ശേഷം നദിയിലേക്ക് പായല്‍ ചാടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പായലിന്‍റെ ആത്മഹത്യയുടെ കാരണം ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചെനാബ് നദിയിലേക്ക് വീണ പായലിന്‍റെ മൃതദേഹവും ഇതുവരെ കണ്ടെത്തിയിട്ടില്ല.