Image Credit : Instagram/Facebook
2026 മിസ് വേള്‍ഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി മോള ഡൊമിംഗ്യൂസ്. വിയറ്റ്നാമിൽ നടന്ന 73ാമത് ലോകസുന്ദരി മല്‍സരത്തിന്‍റെ ഫിനാലെയില്‍ 40 മല്‍സരാര്‍ഥികളെ പിന്തളളിയാണ് ജോഹെയ്‌റി മോളയുടെ കിരീടനേട്ടം. ഉടലഴകിനൊപ്പം ബുദ്ധിയും ആത്മവിശ്വാസവും ഒരുപോലെ മാറ്റുരച്ച മല്‍സരവേദിയില്‍ വിജയിയായ ജോഹെയ്‌റി മോളയെ മുൻ മിസ് വേൾഡ് തായ്‌ലാൻഡിന്റെ ഒപാൽ സുചാത ചുവാങ്ശ്രീ കിരീടമണിയിച്ചു. അതേസമയം ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടംനേടാനായില്ല.
2026 ലോകസുന്ദരിപ്പട്ടം ചൂടിയ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. വേറിട്ട സാമൂഹിക പ്രതിബദ്ധതയും പ്രവര്‍ത്തനമികവും തെളിയിച്ചാണ് 24കാരിയായ ജോഹെയ്‌റി കിരീടനേട്ടത്തിലേക്ക് എത്തിയത്. പിന്നാക്ക വിഭാഗത്തില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുന്ന 'വോയ്സസ് ഓഫ് ടുമാറോ' എന്ന സംഘടനയ്ക്കും ജോഹെയ്‌റി രൂപം നല്‍കിയിട്ടുണ്ട്. മിസ് വേള്‍ഡ് 2026 മല്‍സരത്തില്‍ സ്പെയിനിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകസൗന്ദര്യ മല്‍സരവേദിയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നികിത പൊർവാളിന് ടോപ്പ് 20യില്‍ ഇടംനേടാനായില്ല. 74ാമത് മിസ് വേള്‍ഡ് മല്‍സരത്തിന് വേദിയൊരുങ്ങുന്നത് ആഫ്രിക്കയിലെ ടാന്‍സാനിയയിലായിരിക്കും. അതേസമയം നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.