Image Credit : Twitter/X

തമിഴ്നാട്ടില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറിലാണ് അരുംകൊല നടന്നത്. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായ കണ്ണന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ടയാളുകൂടിയാണ് കൊല്ലപ്പെട്ട കണ്ണന്‍. 2009ല്‍ നടന്ന ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരമാണ് കണ്ണന്‍റെ മരണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കണ്ണനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. 2009 ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. കണ്ണനെ കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ കണ്ണന്‍റെ മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം ടിവികെ പ്രാദേശിക നേതാവ് കൂടിയായ കണ്ണന്‍റെ മരണത്തില്‍ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഈ സംഭവത്തിലൂടെ വ്യക്തമായെന്നും സ്വന്തം ജീവൻ സംരക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും ഉദയനിധി സ്റ്റാലിൻ വിമര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് ടിവികെ പ്രാദേശിക നേതാവ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. 

ENGLISH SUMMARY:

A TVK local leader, Kannan, was brutally murdered in Tamil Nadu, near Chennai, in what police suspect is a revenge killing. This incident highlights the deteriorating law and order situation in the state, with opposition leader Udhayanidhi Stalin criticizing Chief Minister Vijay.