• 1989 ജൂനിയര്‍ അസിസ്റ്റന്‍റായി തിരുപ്പതി തിരുമല ദേവസ്ഥാനത്ത് എത്തിയ മെണ്ടു ലോകനാഥം ഇന്ന് കോടീശ്വരന്‍; അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയത് കോടികളുടെ ആസ്തി; 5 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

തിരുപ്പതി തിരുമല ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫിസറുടെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡുകളില്‍ വന്‍തോതില്‍ അനധികൃതസ്വത്തുക്കള്‍ കണ്ടെത്തി. സിബിഐ നല്‍കിയ വിവരമനുസരിച്ച് ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണ് റെയ്ഡ് നടത്തിയത്. ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ മെണ്ടു ലോകനാഥത്തിന്‍റെ വീട്, ഗസ്റ്റ്ഹൗസ്, ബന്ധുവീടുകള്‍, ബാങ്ക് ലോക്കര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 5 കോടി രൂപയോളം വരുന്ന സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് എസിബി കേസ് രജിസ്റ്റർ ചെയ്തു.

തിരുപ്പതി ലഡ്ഡു മായംചേർക്കൽ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ശേഷം സിബിഐ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസിബി  കേസെടുത്തത്. ചില ടിടിഡി ജീവനക്കാരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ എസിബിയുമായി പങ്കുവെച്ചിരുന്നു.

ഡിഎസ്പി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള ഏഴ് എസിബി സംഘങ്ങൾ രാവിലെ ആറുമണി മുതൽ ലോകനാഥത്തിന്റെ പെദ്ദകാപ്പു ലേഔട്ടിലെ വസതി, തിരുമലയിലെ ഓഫീസ്, ഗസ്റ്റ് ഹൗസ്, ബന്ധുക്കളുമായി ബന്ധപ്പെട്ട വസ്തുവകകൾ എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി. തിരുപ്പതിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ബാങ്ക് ലോക്കറുകളും പരിശോധിച്ചു.

പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ ലോകനാഥത്തിന്‍റെ ഭാര്യയുടെ പേരിലുള്ള വീട്, അവരുടെ പേരിൽ തന്നെയുള്ള കെട്ടിടത്തോടുകൂടിയ രണ്ട് പ്ലോട്ടുകൾ, വടമാലപ്പേട്ട മണ്ഡലത്തിലെ പദിരേട് അരൺയം ഗ്രാമത്തിലുള്ള ഭൂമി, മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത ശ്രീനിവാസ നഗറിലെ മറ്റൊരു സ്ഥലം എന്നിവ ഉൾപ്പെടുന്നു. ലോകനാഥത്തിന്‍റെയും മകന്റെയും പേരില്‍ നാല് സ്ഥിരനിക്ഷേപങ്ങളുമുണ്ട്. ലോകനാഥത്തിന്‍റെ ഭാര്യാസഹോദരന്മാരുടെ വീടുകളിൽ, 31.98 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകള്‍ക്ക് പുറമെ, 2 കിലോ സ്വർണം, 12.5 ലക്ഷം രൂപ, 6.5 കിലോ വെള്ളി എന്നിവ കണ്ടെത്തി.

അനധികൃത സ്വത്തുക്കളുടെ കൃത്യമായ മൂല്യവും പിടിച്ചെടുത്തവയുടെ വിവരങ്ങളും പരിശോധനയ്ക്ക് ശേഷം വെളിപ്പെടുത്തുമെന്ന് എസിബി മേധാവി അതുൽ സിംഗ് പറഞ്ഞു. പിടിച്ചെടുത്തവയ്ക്ക് 5 കോടി മൂല്യം കണക്കാക്കുന്നുണ്ടെങ്കില്‍ വിപണി മൂല്യം പലമടങ്ങ് അധികമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1989 ഫെബ്രുവരിയിൽ ആശ്രിത നിയമനത്തിലൂടെയാണ് ലോകനാഥം ജൂനിയർ അസിസ്റ്റന്റായി തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ജോലിക്ക് ചേര്‍ന്നത്. പിന്നീട് സീനിയർ അസിസ്റ്റന്റ്, സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ പദവികളിലും, കുറച്ചുകാലം മുന്‍പ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു.

ലഡ്ഡു മായംചേർക്കൽ കേസ് അന്വേഷണത്തിനിടെ സിബിഐ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ടിടിഡി ചെയർമാൻ വൈ.വി. സുബ്ബറെഡ്ഡിയുടെ പഴ്സണൽ അസിസ്റ്റന്റ് കെ. ചിന്ന അപ്പണ്ണയ്ക്കെതിരെ എസിബി സമാനമായ കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് പുതിയ അനധികൃത സ്വത്ത് സമ്പാദന കേസ് ഉണ്ടാകുന്നത്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

കൈക്കൂലിയും അഴിമതിയും സംബന്ധിച്ച വിവരങ്ങൾ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9440440057 എന്ന മൊബൈല്‍ നമ്പറിലോ complaints-acb@ap.gov.in എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാൻ എസിബി അഭ്യർത്ഥിച്ചു.

Tirupati Temple Official Raided: ACB Seizes ₹5 Cr Assets from TTD Dy EO:

The Andhra Pradesh Anti-Corruption Bureau (ACB) booked a disproportionate assets case against Tirumala Tirupati Devasthanams (TTD) Deputy Executive Officer Mendu Lokanadham following extensive multi-location raids. Acting on inputs shared by the CBI during its Tirupati laddu adulteration probe, seven ACB teams raided Lokanadham's residence, office, lockers, and relatives' premises. Investigators unearthed multiple properties registered under his family members' names, four fixed deposits, 2 kg of gold, 6.5 kg of silver, and ₹12.5 lakh in cash. While the book value of the seized assets is pegged at roughly ₹5 crore, officials stated the actual market value is significantly higher.