മരിച്ച പുല്ല ദുര്‍ഗ പ്രസാദ് (ഇടതുവശത്ത്). രമാദേവിയും കാമുകന്‍ പ്രാസാദം ഗോപിയും (വലതുവശത്ത്)
ഹൃദ്രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം മരണകാരണം ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കാക്കിനാടയിലാണ് സംഭവം. മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ ബന്ധുക്കള്‍ക്ക് വന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് രമാദേവിയും, പ്രാസാദം ഗോപിയും പരിചയപ്പെടുന്നത്. ബന്ധം വളര്‍ന്ന് പിന്നീട് പ്രണയമായി. പ്രസാദത്തിനൊപ്പം ജീവിക്കാന്‍ യുവതി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് പുല്ല ദുര്‍ഗ പ്രസാദ് ജീവിച്ചിരിക്കുന്നത് ബന്ധത്തിന് വിലങ്ങുതടിയാകുമെന്ന് രമാദേവിക്ക് വ്യക്തമായി അറിയാമായിരുന്നു. തുടര്‍ന്ന് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടു.
ഏറെ നാളായിഹൃദ്രോഗത്തിന്‍റെ പിടിയിലായിരുന്നു പുല്ല ദുര്‍ഗ പ്രസാദ്. രോഗത്തിന്‍റെ മറവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ രമയും പ്രസാദവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് പുല്ലയുടെ ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി കുടിപ്പിക്കുകയും ചെയ്തു. അധികം വൈകാതെ ബോധരഹിതനായ പുല്ല മരണമടഞ്ഞു.
ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് യുവതി ബന്ധുക്കളെ അറിയിച്ചത്. മുന്‍പ് പുല്ലയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നതിനാല്‍ ഇത് ബന്ധുക്കള്‍ ഇത് വിശ്വസിക്കുകയും ചെയ്തു. മാര്‍ച്ചിലായിരുന്നു പുല്ലയുടെ മരണം.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പുല്ലയുടെ ഒരു ബന്ധുവിന് പുല്ലയുടേത് ഒരു സാധാരണ മരണമല്ല, മറിച്ച് ഒരു കൊലപാതകമാണ്, രമാദേവിക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് രഹസ്യ സന്ദേശം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഏറെക്കാലമായി പ്രസാദവുമായി ബന്ധത്തിലായിരുന്നെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായി. പിന്നാലെ ഇവരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.