പഞ്ചാബില്‍ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ബിഎസ്എഫ് ജവാൻ പിടിയിൽ. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവധിക്കായി നാട്ടിലെത്തിയ ശേഖമട്ട ഗ്രാമത്തില്‍ നിന്നുള്ള അമർജിത് സിങാണ് പിടിയിലായത്. അമർജിതിന്‍റെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്. മരണത്തില്‍ സംശയം തോന്നിയ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഏകദേശം 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വിവാഹശേഷം അമർജിത് രമയെ നിരന്തരം ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി എഫ്ഐആറിൽ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 14ന് ഏകദേശം പുലർച്ചെ 4 അമർജിത് രമയുടെ പിതാവിനെ ഫോണില്‍ വിളിച്ചു. രമ വീടിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ താഴെ വീണുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അമർജിത് പറഞ്ഞു. എന്നാല്‍ കുടുംബം ആശുപത്രിയിലെത്തിയപ്പോൾ രമ മരിച്ചിരുന്നു.
എന്നാല്‍ അമർജിതിന്‍റെ വാദത്തിൽ സംശയം തോന്നിയ രമയുടെ കുടുംബം ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ ഫോറൻസിക് തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ചതോടെയാണ് അമർജിതിന്‍റെ വാദങ്ങൾ പൊളിഞ്ഞത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും, വീഴ്ചയല്ല മരണകാരണമെന്നും മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ, താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതി ബിഎസ്എഫ് സേനയിലെ അംഗമായതിനാൽ സേനാ അധികൃതരെയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.