സ്വാഭാവികമായ മുങ്ങിമരണം എന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് പാലക്കാട്ടുകാര്‍. മേനോന്‍പാറ കൂരാങ്കാട് രണ്ട് കുട്ടികളെ വീടിന് മുന്നിലെ കുളിമുറിയിലെ സിമന്‍റ് ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ട സംഭവം ഒരു മുങ്ങിമരണം എന്ന് തന്നെയാണ് എല്ലാവരും ആദ്യം കരുതിയത്. ഉയരമുള്ള ടാങ്കിന് സമീപമുള്ള തിട്ടില്‍ കയറിയപ്പോള്‍ കുട്ടികള്‍ ഒരുപക്ഷേ, അബദ്ധത്തില്‍ വീണുപോയതാകും എന്നതായിരുന്നു നിഗമനം. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതോടെ 'ദുരൂഹത' എന്ന മേലാപ്പ് പതിയെ നീങ്ങിത്തുടങ്ങിയിരുന്നു.
എന്നാല്‍ ചില സംശയങ്ങള്‍ അപ്പോളും ബാക്കിയായി. കുട്ടികളുടെ പിതാവിന്‍റെ സഹോദരി അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. അമ്മ നിവേദ്യ വീട്ടില്‍ വച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയം ഉണ്ടായി. മൊഴിയെടുക്കാന്‍ നിവേദ്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അപ്പോളാണ്, നിവേദ്യയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ വന്നത്. 'കുഞ്ഞുങ്ങളെ കൊന്നത് ഞാന്‍ തന്നെ, ഒറ്റയ്ക്ക്, മറ്റാര്‍ക്കും അതില്‍ പങ്കില്ല'. കൊഴിഞ്ഞാമ്പാറ പൊലീസിന്‍റെ ചോദ്യംചെയ്യലില്‍ ആയിരുന്നു ഈ കുറ്റസമ്മതം. പക്ഷേ അപ്പോളും ഒരു കാര്യം ദുരൂഹമായി അവശേഷിച്ചു. അഞ്ച് വയസുകാരി ജെനിഫര്‍ ജൂലിയറ്റിനോടും അനിയന്‍ മൂന്ന് വയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫറിനോടും പെറ്റമ്മ എന്തിനീ ക്രൂരത ചെയ്തു ? എല്ലാം കരുതിക്കൂട്ടി ചെയ്തതുപോലെയാണ് നിവേദ്യയുടെ മൊഴിയില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുക.
മൂത്തമകള്‍ ജെനിഫര്‍ കുളിമുറിയലെ ടാങ്കിലെ വെള്ളത്തില്‍ കളിക്കുകയായിരുന്നു. താഴെ ഇരുന്ന് ഇളയ മകന്‍ റോബിനും കളിക്കുന്നു. ജെനിഫറിന്‍റെ തല ബലമായി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ഇതൊന്നും അറിയാതെ താഴെ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന്‍ റോബിനെ വെള്ളത്തിലേക്ക് എടുത്തിട്ട് മുതുകില്‍ പിടിച്ച് താഴ്ത്തി മരണം ഉറപ്പാക്കി. പക്ഷേ ഈ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് അമ്മ നിവേദ്യ പറഞ്ഞ കാരണം ഒട്ടും വിശ്വസനീയമായിരുന്നില്ല. 'കുട്ടികള്‍ എനിക്ക് ബാധ്യതയായി.. എനിക്ക് പഠിക്കണം, മോഡലിങ്ങിന് പോകണം.. അതിന് കുട്ടികള്‍ തടസമാണ്.. ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്..' എന്നിങ്ങനെ പോകുന്നു മൊഴി.
ആരെയോ പേടിക്കുകയോ മറ്റെന്തോ ഒളിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന രൂപത്തിലുള്ള മൊഴി. അഞ്ച് വയസും മുന്ന് വയസും ഉള്ള കുട്ടികള്‍ എങ്ങനെ പൊടുന്നനെ ഒരു അമ്മയ്ക്ക് ബാധ്യതയായി എന്നതിന് ഉത്തരമില്ല. ഈ ഘട്ടത്തിലാണ് ഫോണ്‍ വിളികളെ ചൊല്ലി താനും നിവേദ്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്ന ഭര്‍ത്താവ് ജോണ്‍ കുമാറിന്‍റെ മൊഴി ചേര്‍ത്ത് വായിക്കേണ്ടത്. ഫോണ്‍ വിളികളില്‍ നിവേദ്യക്ക് എന്തെങ്കിലും മറച്ച് വയ്ക്കാന്‍ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഇതിന് പിന്നാലെ ഉയരുന്നത്.
കൃത്യം നടത്താന്‍ പുറത്ത് നിന്ന് ആരുടെ എങ്കിലും പ്രേരണ ഉണ്ടായോ? യഥാര്‍ഥത്തില്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്ത്? ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ ആണോ മെഴി തെറ്റായി വഴിതിരിച്ചുവിടുന്നത്? തുടങ്ങി മര്‍മപ്രധാന ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇനി കൊഴിഞ്ഞാമ്പാറ പൊലീസിന് ലഭിക്കേണ്ടത്. അതിന് നിവേദ്യയുടെ ഫോണ്‍ വിളികള്‍ക്ക് ഒപ്പം നിവേദ്യയുടെ വാട്സാപ്പ് ചാറ്റുകളും ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ ഉണ്ടെങ്കില്‍ അതും വിശദമായി പരിശോധിക്കണം.. കൊഴിഞ്ഞാമ്പാറ പൊലീസ് ഇതിന്‍റെ ചുരുളഴിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
രണ്ട് മാസമായി കുടുംബം മേനോന്‍ പാറയിലെ ഈ വാടക വീട്ടിലേക്ക് മാറിയിട്ട്. ഇത്രയും ദിവസം ഈ ടാങ്കിന് ചുറ്റും വെള്ളത്തില്‍ ഇറങ്ങി കളിച്ച് പരിചയമുള്ള കുട്ടികള്‍ ഒരിക്കലും മുങ്ങി മരിക്കില്ലെന്ന, കുട്ടികളുടെ പിതാവിന്‍റെ സഹോദരിയുടെ മൊഴിയും അവര്‍ നല്‍കിയ പരാതിയും കേസില്‍ നിര്‍ണായകമായി. മലമ്പുഴ ജില്ലാ ജയിലിലുള്ള നിവേദ്യയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനും സംശയങ്ങളുടെ കുരുക്കഴിക്കാനുമാണ് പൊലീസ് ശ്രമം.