തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്റ്റെഫിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പ്രതികൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കുപ്പിയെറിഞ്ഞ സംഭവത്തിൽ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിലെത്തിയ സംഘം കുപ്പിയെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. Also Read: 'കൂവലിൽ' തുടങ്ങി; പിന്നെ കുപ്പിയും പന്തവും വലിച്ചെറിഞ്ഞു; തലസ്ഥാന സംഘർഷത്തിൽ പൊലീസ് റിപ്പോർട്ട്
തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷം ഇപ്പോൾ പരസ്പരം പാർട്ടി ഓഫീസുകൾ ആക്രമിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. ചൊവ്വാഴ്ച രാത്രി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ഇന്നലെ രാത്രി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും കുപ്പിയേറുണ്ടായി.
മന്ത്രി ഒ.ജെ. ജനീഷിനെ തടയുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിലുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായാണ് ഡി.സി.സി ഓഫീസിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് പേരടങ്ങുന്ന സംഘം സ്റ്റെഫിന്റെ കാറിലും സ്കൂട്ടറിലുമായി കരമനയിലെത്തി. തുടർന്ന് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് പറയുന്ന പ്രദീപും ശ്രീലാലും സ്കൂട്ടറിൽ ഡി.സി.സി ഓഫീസിലെത്തി കല്ലെറിഞ്ഞു. പിന്നീട് സംഘം കാറിലും സ്കൂട്ടറിലുമായി കരമനയിലെത്തി ഒളിവിൽ പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറാലംമൂട് സ്വദേശി അഖിലിനെ മാത്രമാണ് ഇതുവരെ പിടികൂടിയത്.
അതേസമയം, തലസ്ഥാനത്ത് എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് സംഘർഷം നടക്കുന്നതിനിടെയാണ് ബൈക്കിലും കാറിലുമായി എത്തിയ സംഘം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കുപ്പികൾ വലിച്ചെറിഞ്ഞത്. പൊലീസ് നോക്കിനിൽക്കെ നടന്ന ആക്രമണത്തിൽ കേസെടുത്തെങ്കിലും പ്രതികളെ തിരിച്ചറിയാനായിട്ടില്ല.
നെയ്യാറ്റിൻകരയിൽ പി.കെ. കൃഷ്ണദാസിന്റെ കാർ ആക്രമിച്ച കേസിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും നേരിയ സംഘർഷമുണ്ടായി.
കൊല്ലത്ത് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധവും അതിന് പിന്നാലെ മന്ത്രിമാരെ ലക്ഷ്യമിട്ട് യുവമോർച്ച നടത്തിയ വഴിതടയൽ സമരങ്ങളുമാണ് നിലവിലെ സംഘർഷങ്ങൾക്ക് പിന്നിലെ പശ്ചാത്തലമെന്നാണ് പൊലീസ് വിലയിരുത്തൽ. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ തലസ്ഥാനത്തെ വിവിധ പാർട്ടി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.