youth-congress-sfi-march-3
  • ഇന്നലെ രാത്രി മണിക്കൂറുകളോളം തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് പുറത്ത്. എസ്.എഫ്.ഐ പ്രവർത്തകരുടെ കൂവലോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായതെന്നാണ് പൊലീസ് റിപ്പോർട്ടിലെ വിശദീകരണം

ഇന്നലെ രാത്രി മണിക്കൂറുകളോളം തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് പുറത്ത്. എസ്.എഫ്.ഐ പ്രവർത്തകരുടെ കൂവലോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായതെന്നാണ് പൊലീസ് റിപ്പോർട്ടിലെ വിശദീകരണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയിലെ പന്തം കത്തിയതോടെ ഇരുകൂട്ടരും പരസ്പരം കൂവി വിളിച്ചു. പിന്നാലെ കുപ്പിയേറും പന്തമേറും ഉണ്ടായി.

 

ആദ്യഘട്ടത്തിലെ സംഘർഷം പൊലീസ് ഇടപെട്ട് പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.  എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന  പ്രചാരണത്തെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായതെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റെങ്കിലും ആരും നിലവിൽ ചികിത്സയിലില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐയുടെയും യൂത്ത് കോൺഗ്രസിന്‍റെയും സംസ്ഥാന നേതാക്കളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

 

പാളയം മേഖലയിൽ രാത്രി മൂന്ന് മണിക്കൂറിലേറെ ഇരുകൂട്ടരും ചേരിതിരിഞ്ഞ് കല്ലേറും കുപ്പിയേറും നടത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധമാണ് പിന്നീട് എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് സംഘർഷത്തിലേക്ക് വഴിമാറിയത്.

 

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കിയത് എസ്എഫ്ഐ എന്ന് മന്ത്രി ഒ.ജെ.ജനീഷ് ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പൊലീസ് ലാത്തിച്ചാര്‍ജ് അല്ല, റെയ്ഡ് ആണ് നടത്തേണ്ടിയിരുന്നതെന്നും ജനീഷ് പറഞ്ഞു. ഗ്യാനേഷ് എസ്‌എഫ്‌ഐക്കാരുടെ അമ്മാവനോയെന്നായിരുന്നു മന്ത്രി പി.സി.വിഷ്ണുനാഥിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരെ പ്രതിഷേധിക്കുന്നതില്‍ എസ്എഫ്ഐ അസ്വസ്ഥരാകുന്നതിന് എന്തിന് ഷാഫി പറമ്പില്‍ എംപിയും ചോദിച്ചു.

 

തിരുവനന്തപുരം നഗരത്തിലെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു. തിരുവനന്തപുരത്തെ സംഘർഷം ക്രമസമാധാന നില തകർന്നതിന്‍റെ തെളിവെന്ന് സിപിഎം നേതാവ് വി.ശിവൻകുട്ടി ആരോപിച്ചു. ഉത്തരേന്ത്യൻ സംസ്‌കാരം നടപ്പാക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് കെ.കെ.ശൈലജയും കുറ്റപ്പെടുത്തി. 

 

തിരുവനന്തപുരം സംഘര്‍ഷത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സന്ദര്‍ശിച്ചു. കുട്ടികളെ ആക്രമിക്കുന്നത് എന്തിനാണെന്നും,  ഇതാണോ പൊലീസ് നയമെന്നും ബിനോയ് വിശ്വം ചോദിച്ചു. 

ENGLISH SUMMARY:

The police report on the incident that kept the state capital tense for hours last night has been released. According to the report, the confrontation began with slogans shouted by SFI activists. When the torches carried by Youth Congress activists were lit, both groups began shouting at each other. This was followed by stone, bottle and torch throwing.