palakkad-menonpara-mother-confession-children
  • പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ മറ്റുപാടുകളോ, ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ലാത്തതും ശ്വാസകോശത്തില്‍ വെള്ളം കയറിയതുമാണ് മുങ്ങിമരണമാണെന്ന ആദ്യ നിഗമനത്തിനിടയാക്കിയത്

പാലക്കാട് മേനോന്‍പാറയില്‍ പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ്. അഞ്ചുവയസുകാരിയെ ടാങ്കില്‍ മുക്കിപ്പിടിച്ചും, മൂന്നുവയസുകാരനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മുതുകില്‍ അമര്‍ത്തിയുമാണ് കൊന്നതെന്ന് അമ്മ നിവേദ്യ പൊലീസിനോട് സമ്മതിച്ചു. കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെയാണ് ക്രൂരകൃത്യം. സ്വതന്ത്രമായി ജീവിക്കാന്‍ കുട്ടികള്‍ തടസമായതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നും നിവേദ്യ മൊഴി നല്‍കി. 

കുളിമുറിയിലെ സിമന്‍റ് ടാങ്കിനരികില്‍ കളിക്കുകയായിരുന്ന മകള്‍ ജനിഫര്‍ ജൂലിയറ്റിന്‍റെ തലയില്‍ ബലമായി പിടിച്ച് വെള്ളത്തില്‍ മുക്കി മരണം ഉറപ്പാക്കിയെന്നും പിന്നീട് അടുത്ത് കളിച്ച് കൊണ്ടു നിന്ന മകന്‍ റോബിനെ വെള്ളത്തിലേക്ക് എടുത്തിട്ട് മുതുകില്‍ പിടിച്ച് താഴ്ത്തിയെന്നാണ് നിവേദ്യ പറയുന്നത്. എന്നാല്‍ ഈ കുറ്റസമ്മതം പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

ടാങ്കില്‍ മുക്കാല്‍ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ മറ്റുപാടുകളോ, ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ലാത്തതും ശ്വാസകോശത്തില്‍ വെള്ളം കയറിയതുമാണ് മുങ്ങിമരണമാണെന്ന ആദ്യ നിഗമനത്തിനിടയാക്കിയത്. ചോദ്യം ചെയ്യലിന് പിന്നാലെ നടത്തിയ കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തില്‍ നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് മേനോന്‍പാറയിലെ വാടകവീട്ടിലെ കുളിമുറിയില്‍ സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ അബദ്ധത്തില്‍ ജലസംഭരണിയില്‍ വീണതാകാമെന്നായിരുന്നു പൊലീസ് കരുതിയത്. ഇത് ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതൃസഹോദരിയായ ബെന്‍സി പൊലീസിനെ അറിയിച്ചതോടെയാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മുതിര്‍ന്നത്. തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നീട് നിവേദ്യ എല്ലാം ഏറ്റുപറയുകയായിരുന്നു. മോഡലിങിനും തുടര്‍ പഠനത്തിനും കുട്ടികള്‍ തടസമാണെന്നും ഇത് ഒഴിവാക്കാന്‍ കൊലപ്പെടുത്തിയെന്നും നിവേദ്യ പറഞ്ഞത് അന്വേഷണ സംഘത്തെയും നടുക്കിയിരുന്നു.

ENGLISH SUMMARY:

Police in Palakkad say a mother, Nivedya, confessed to killing her five-year-old daughter and three-year-old son at their rented home in Menonpara. According to the police, she allegedly drowned her daughter in a cement water tank and then pushed her son into the water and held him down. The children were initially believed to have accidentally fallen into the water while playing, and the post-mortem reportedly indicated drowning, with no other visible injuries. Police began a detailed investigation after the children's paternal aunt raised suspicions, and Nivedya later allegedly told investigators that she considered the children an obstacle to living independently, modelling and continuing her studies.