പാലക്കാട് മേനോൻപാറയിലെ കുട്ടികളുടെ കൊലപാതകത്തില്‍ പ്രതി അമ്മ മാത്രമെന്ന് പൊലീസ്. കുട്ടികൾ കാരണം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്ന് പ്രതിയായ അമ്മ നിവേദ്യ മൊഴി നല്‍കി. പഠിക്കണം, മോഡലിങിന് പോകണം എന്നെല്ലാമായിരുന്നു ആഗ്രഹമെന്നും ഭർത്താവ് മദ്യപാനിയാണെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികള്‍ ആഗ്രഹങ്ങള്‍ക്ക് തടസമാകുമെന്ന് കരുതി കുളിമുറിയിലെ വെള്ള ടാങ്കിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയ്ക്ക് മാനസിക പ്രശ്നമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെയാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്യ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
എന്നാല്‍ പരിസരത്ത് സ്ഥിരമായി കളിക്കാറുള്ള കുട്ടികൾ കുളിമുറിയിലെ ചെറിയ വെള്ളത്തൊട്ടിയില്‍ അബദ്ധത്തിൽ വീണു മരിക്കാനുള്ള സാധ്യതയില്ലെന്ന് കുട്ടികളുടെ പിതാവിന്‍റെ സഹോദരി ബെന്‍സിയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ട് കുട്ടികളും ഒരുമിച്ച് അപകടത്തിൽപ്പെടാനുള്ള സാധ്യതയില്ലെന്നും, സംഭവം നടന്ന സമയത്തെ നിവേദ്യയുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബെൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മാതാവ് നിവേദ്യ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവസമയത്ത് ജോൺ കുമാർ ജോലിക്ക് പോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.