palakkad-kids-death
  • പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. Also Read: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ ഹൈജാക്ക് അലര്‍ട്ട്; എമര്‍ജന്‍സി ലാന്‍ഡിങ്

പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവസമയത്ത് ജോൺ കുമാർ ജോലിക്ക് പോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന്‍റെ മുൻവശത്തുണ്ടായിരുന്ന നിവേദ്യ ഏറെ നേരമായിട്ടും കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുളിമുറിയിലെ ടാങ്കിൽ ചലനമറ്റനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മരണത്തിന് പിന്നിൽ അമ്മയാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. നിവേദ്യയെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കുട്ടികളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

A shocking twist has emerged in the case involving two siblings who were found dead in a water tank in the bathroom of a rented house in Menonpara, Kozhinjampara, Palakkad. Police have determined that the children were murdered. The children’s mother, Nivedya, has reportedly confessed to the crime, according to police. Investigators say she was responsible for the deaths. The motive behind the murders has not yet been established.