ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ഇന്ത്യാ സഖ്യ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്‍റെ ഭരണം തിരഞ്ഞെടുക്കുന്നതിൽ ഓരോ പൗരനും തുല്യ ശബ്ദമുണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് അധ്യക്ഷൻ, ഈ തത്വം ഇന്ന് വലിയ ഭീഷണി നേരിടുകയാണെന്ന് കൂട്ടിച്ചേർത്തു.
‘ഇവിഎമ്മുകളുടെ കാര്യത്തിൽ നമ്മുടെ നിലപാട് വ്യക്തമായിരിക്കണം. ബിജെപിക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള യന്ത്രങ്ങളാണിവ. രാഹുൽജിയുടെ വാക്കുകളിൽ പറഞ്ഞാൽ - ജയിക്കാനും, തൂക്കുസഭ ഉണ്ടാക്കാനും, തോൽക്കാനും ഉപയോഗിക്കുന്നത്. അതിനാൽ ഈ യന്ത്രങ്ങൾ ഇനിയും ഉപയോഗിക്കാൻ അവരെ അനുവദിക്കാനാകില്ല, ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ നാം ബാലറ്റ് പേപ്പർ വോട്ടിംഗിലേക്ക് തിരികെ പോകണം,’ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിൽ ഇന്ത്യ സഖ്യ യോഗ തീരുമാനങ്ങൾ അല്പസമയത്തിനകം പ്രഖ്യാപിക്കും. ഡൽഹിയിലും ശേഷം സംസ്ഥാനങ്ങളിലും പ്രതിഷേധം, ലോക്സഭയിലും രാജ്യസഭയിലും ഇംപീച്ച്മെന്റ് നോട്ടീസ്, കോടതിയെ സമീപിക്കുക തുടങ്ങിയ നീക്കങ്ങളിലാണ് തീരുമാനം പ്രഖ്യാപിക്കുക.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങളില്‍ രാജ്യം ആശങ്കയിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എസ്.ഐ.ആറിന് മുന്‍പുള്ള പട്ടിക ഉപയോഗിക്കണമെന്നും ഇവിഎമ്മിന് പകരം ബാലറ്റ് ഉപയോഗിക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. സമ്മർദം ശക്തമാകണമെങ്കിൽ തുടർച്ചയായ പ്രതിഷേധം ആവശ്യമാണെന്ന് മമതാ ബാനർജി അഭിപ്രായപ്പെട്ടു. ഒന്നിച്ചും സ്വന്തം നിലയ്ക്കും പ്രതിഷേധം തുടരാം എന്നാണ് കോൺഗ്രസ് നിലപാട്.
ഡിഎംകെയെ തിരിച്ച് സഖ്യത്തിലേക്ക് കൊണ്ടുവരുന്നതും ചർച്ചയിലുണ്ട്. ഇന്ത്യ സഖ്യത്തിന് പുറമേയുള്ള പാർട്ടികളെ പ്രതിഷേധത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന അഭിപ്രായം സിപിഎം അറിയിച്ചു. 23 പാർട്ടി നേതാക്കളും കപിൽ സിബലുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഡൽഹിയിൽ എത്താതിരുന്ന ഉദവ് താക്കറെ ഓൺലൈനായാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തിരക്കുകളിലായ അഖിലേഷ് യാദവ് യോഗത്തിന് പ്രതിനിധിയെ അയച്ചു.