യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ. ജനീഷിനെതിരെ കണ്ണൂരിലും കാസർകോട്ടും വ്യാപക പ്രതിഷേധം. തളിപ്പറമ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞു. സംഭവത്തിൽ ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂരിലും മന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം നടന്നു. നീലേശ്വരത്ത് മന്ത്രിയുടെ വാഹനത്തിന് നേരെ മുട്ടയേറുണ്ടായി. കാറില്‍ കല്ലുകൊണ്ടിടിച്ചു, വാഹനത്തിന് കേടുപാടുകളുണ്ടായി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ജനീഷുമായി ഫോണിൽ സംസാരിച്ചു. തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ സി.പി.എം ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. അഞ്ചിടങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണത്തിന് ശ്രമിച്ചെന്നും മന്ത്രി പറഞ്ഞു. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തില്ലെന്നും സിപിഎമ്മിന് പ്രവര്‍ത്തകരെ ധൈര്യമായി വിടാമെന്നും ജനീഷ് പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ തന്നെ ഫോണിൽ ബന്ധപ്പെട്ടതായും ജനീഷ് വ്യക്തമാക്കി.
തെരുവിൽ മന്ത്രിമാർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദേശം നൽകി. തളിപ്പറമ്പിൽ ജനീഷിനെതിരെ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനീഷുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
അതേസമയം, മന്ത്രി ഒ.ജെ. ജനീഷിനെതിരായ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ രൂക്ഷമായി വിമർശിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും അണിനിരത്തി സി.പി.എം അക്രമസമരം നടത്തിയാൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ സി.പി.എം കലാപം സൃഷ്ടിക്കുകയാണെന്നും സതീശൻ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടന്നുവന്ന ഗുണ്ടായിസം തുടരാമെന്ന് സി.പി.എം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.