modi-parliament

(Photo:Sansad TV)

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന യു.എസ്. പ്രസിഡന്റിന്‍റെ അവകാശവാദം തള്ളി ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യവും ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. കോണ്‍ഗ്രസിന് പാക്കിസ്ഥാന്‍റെ സ്വരമെന്നും വിമര്‍ശനം. മോദിയുടെ പ്രതിഛായ സംരക്ഷിക്കാനായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്നും പാക്കിസ്ഥാനെ നേരിടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. . 

Also Read: ട്രംപ് കള്ളനെന്ന് പറയാന്‍ ധൈര്യമുണ്ടോ?; മോദിയെ വെല്ലുവിളിച്ച് രാഹുല്‍

രണ്ടുദിവസം നീണ്ട ചര്‍ച്ച ലോക്സഭയില്‍ പൂര്‍ത്തിയായി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി. ജനങ്ങള്‍ അതിനെ പരാജയപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാക്കിസ്ഥാന്‍റെ മുക്കിലും മൂലയിലും ആക്രമണം നടത്തി. ഭാവല്‍പൂരിലെയും മുറിഡ്കെയിലെയും കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആണവഭീഷണിയും വിലപ്പോയില്ല. വെടിനിര്‍ത്തലിനായി പാക്കിസ്ഥാന്‍ കേണപേക്ഷിച്ചെന്നും പ്രധാനമന്ത്രി. വിമാനങ്ങള്‍ തകര്‍ന്നോ എന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കിയില്ല, കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചു. 

പാക്കിസ്ഥാന്‍റെ ഭാഷയാണ് കോണ്‍ഗ്രസിന്. അവിടെനിന്നുള്ള റിമോട്ട് കണ്‍ട്രോള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതില്‍ അവര്‍ സങ്കടപ്പെടുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ എന്തുകൊണ്ട് പിടികൂടിയില്ല എന്ന് ഇതുവരെ ചോദിച്ചു. ഈ ദിവസം വധിച്ചത് എന്തുകൊണ്ടെന്നാണ് ഇപ്പോഴത്തെ ചോദ്യം. പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പി.ചിദംബരത്തിന്‍റെ പരാമര്‍ശം സൂചിപ്പിച്ച് മോദി പറഞ്ഞു സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയില്ലെന്നും കൈകെട്ടിയാണ് ആക്രമണത്തിന് അയച്ചതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

ആക്രമണം നടത്തി നാല്‍പതാം മിനിറ്റില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. ഒരു രാജ്യം പോലും പാക്കിസ്ഥാനെ അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന ഡോണള്‍ഡ് ട്രംപിനെ കള്ളനെന്ന് വിളിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നും രാഹുല്‍ വെല്ലുവിളിച്ചു . ചര്‍ച്ചയിലുടനീളം ഭരണ, പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചു.

ENGLISH SUMMARY:

Pahalgam attack** details reveal Prime Minister Modi's strong stance against terrorism, his claims of Indian retaliation, and refutation of ceasefire interventions. The article also covers Rahul Gandhi's challenge to Modi regarding US President Trump's statements and Amit Shah's confirmation of the terrorists' neutralization in 'Operation Mahadev'.