Photo:Sansad TV
വെടിനിര്‍ത്തലിന് ഇടപെട്ടത് താനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു, അത് കള്ളമാണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ധൈര്യമുണ്ടെങ്കില്‍ ട്രംപ് കള്ളനാണെന്ന് പറയണം. ലോകം മുഴുവന്‍ ഭീകരവാദത്തെ അപലപിച്ചെന്ന് പറഞ്ഞു. പാക്കിസ്ഥാനെ ഒരു രാജ്യമെങ്കിലും അപലപിച്ചോ?. അസീം മുനീറിനെ ട്രംപ് ക്ഷണിച്ചു. ക്ഷണിക്കരുതെന്ന് എന്തുകൊണ്ട് മോദി പറഞ്ഞില്ല. ഭീകരാക്രമണത്തിന്റെ സൂത്രധാരന് ട്രംപ് നന്ദി പറഞ്ഞെന്നും രാഹുല്‍ ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്നുഭീകരരെയും വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. ഇന്നലെ നടന്ന ഓപ്പറേഷന്‍ മഹാദേവിലാണ് ഭീകരരെ ഇല്ലാതാക്കിയത് എന്നും ലോക്സഭയിലെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ക്ക് ശശി തരൂര്‍ എം.പി. കയ്യടിച്ചത് ശ്രദ്ധേയമായി. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ലോക്സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്. ശ്രീനഗറിലെ മഹാദേവ് മലനിരകളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച സുലൈമാന്‍, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പഹല്‍ഗാമില്‍ ഉപയോഗിച്ച തോക്കുകളടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പുവരുത്തിയത് എന്നും അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കി. ഭരണപക്ഷത്തിനൊപ്പം ശശി തരൂരും അമിത് ഷായുടെ വാക്കുകള്‍ക്ക് കയ്യടിച്ചു.
പഹല്‍ഗാമില്‍ ആക്രമണം എങ്ങനെ ഉണ്ടായി എന്നും എന്തുകൊണ്ടുണ്ടായി എന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി. വലിയ ഇൻ്റലിജൻസ് വീഴ്ചയാണ് പഹല്‍ഗാമിലേത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാവണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത് ഹിന്ദുക്കളെന്ന് ഭരണപക്ഷം പറഞ്ഞപ്പോള്‍ ഭാരതീയര്‍ എന്ന് പ്രിയങ്ക ആവര്‍ത്തിച്ചു. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ പേരും വായിച്ചാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.