amit-shah-priyanka-2
  • പഹല്‍ഗാം ആക്രമണത്തിലെ 3 ഭീകരരെയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി
  • ആഭ്യന്തരമന്ത്രിക്ക് കയ്യടിച്ച് ശശി തരൂര്‍
  • പഹല്‍ഗാമിലുണ്ടായത് വന്‍ ഇന്‍ലിജന്‍സ് വീഴ്ചയെന്ന് പ്രിയങ്ക ഗാന്ധി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്നുഭീകരരെയും വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്ഥിരീകരണം. ഇന്നലെ നടന്ന ഓപ്പറേഷന്‍ മഹാദേവിലാണ് ഭീകരരെ ഇല്ലാതാക്കിയത് എന്നും ലോക്സഭയിലെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ക്ക് ശശി തരൂര്‍ എം.പി. കയ്യടിച്ചത് ശ്രദ്ധേയമായി.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ലോക്സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്. ശ്രീനഗറിലെ മഹാദേവ് മലനിരകളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച സുലൈമാന്‍, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പഹല്‍ഗാമില്‍ ഉപയോഗിച്ച തോക്കുകളടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പുവരുത്തയത് എന്നും  അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കി. ഭരണപക്ഷത്തിനൊപ്പം ശശി തരൂരും അമിത് ഷായുടെ വാക്കുകള്‍ക്ക് കയ്യടിച്ചു.

പഹല്‍ഗാമില്‍ ആക്രമണം എങ്ങനെ ഉണ്ടായി എന്നും എന്തുകൊണ്ടുണ്ടായി എന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി. വലിയ ഇന്‍റലിജന്‍സ് വീഴ്ചയാണ് പഹല്‍ഗാമിലേത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാവണം എന്നും പ്രിയങ്ക

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത് ഹിന്ദുക്കളെന്ന് ഭരണപക്ഷം പറഞ്ഞപ്പോള്‍ ഭാരതീയര്‍ എന്ന് പ്രിയങ്ക ആവര്‍ത്തിച്ചു. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ പേരും വായിച്ചാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.  പ്രധാനമന്ത്രി വൈകിട്ട് ചര്‍ച്ചയ്ക്ക് മറുപടി പറയും.

ENGLISH SUMMARY:

Union Home Minister Amit Shah confirmed in the Lok Sabha that all three terrorists involved in the Pahalgam attack have been neutralized. He stated that the terrorists were eliminated in yesterday’s Operation Mahadev. Congress MP Shashi Tharoor’s applause in support of the statement drew attention, while Priyanka Gandhi questioned who would take responsibility for the security lapse.