ബാങ്കുകളെ വിവിധോദ്ദേശ സഹകരണസംഘങ്ങളാക്കാന്‍ ലക്ഷ്യമിടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സഹകരണ നയം. കേരളം എതിര്‍പ്പറിയിച്ച ഏകീകൃത സോഫ്‌റ്റ്‌വെയര്‍ നടപ്പാക്കണമെന്നും സഹകരണ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും നയത്തില്‍ പറയുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഏജന്‍സികളാക്കി സര്‍വീസ് സഹകരണബാങ്കുകളെ മാറ്റാനും പ്രവര്‍ത്തനം മറ്റു മേഖലകളിലേക്ക് വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സഹകരണ നയം. ബാങ്കുകള്‍ക്കു പുറമെ ന്യായവിലക്കട, എല്‍.പി.ജി. വിതരണ കേന്ദ്രം, പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റുകള്‍, ജന്‍ ഔഷധി കേന്ദ്രം, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ കുടിവെള്ള പദ്ധതി തുടങ്ങിയവയിലേക്കുകൂടി പ്രവര്‍ത്തനം വിപുലീകരിക്കണം. എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം. ദേശീയ തലത്തില്‍ അപ്പെക്‌സ് സഹകരണ ബാങ്ക് രൂപീകരിക്കുമെന്നും നയം പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
സംസ്ഥാന തലത്തില്‍ സഹകരണ സംഘങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കണം. ഇത് ദേശീയ ഡേറ്റബേസുമായി ബന്ധിപ്പിക്കണം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് റാങ്കിങ്, സഹകരണ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രൂപീകരണം തുടങ്ങിയവയും നയത്തില്‍ പറയുന്നു.