AI Generated Image
കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ ബലാല്‍സംഗക്കേസില്‍ ട്വിസ്റ്റ്. പരാതി നല്‍കിയ യുവതിയുടെ പിതാവ് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഓട്ടോറിക്ഷയില്‍ നിന്ന് വീണെന്നാണ് മകള്‍ പറഞ്ഞതെന്നാണ് പിതാവിന്‍റെ നിലപാട്. പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ബലാല്‍സംഗ പരാതി നല്‍കിച്ചതെന്നും പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു.
വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയെ ഞെട്ടിച്ച് ബലാല്‍സംഗ പരാതി വന്നത്. അതും ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ കൊല്‍ക്കത്ത ഐഐഎമ്മില്‍. ഐഐഎമ്മില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി പരമാനന്ദ് തോപ്പന്നവാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പരമാനന്ദിനെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ബലാല്‍സംഗം, നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സൈക്കോളജിസ്റ്റായ പരാതിക്കാരി ഓണ്‍ലൈനിലൂടെയാണ് പരമാനന്ദിനെ പരിചയപ്പെടുന്നത്. പിന്നീട് പരമാനന്ദ് സൈക്കോളജിസ്റ്റ് എന്ന നിലയില്‍ അവരുടെ സേവനം ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൗണ്‍സലിങ്ങിനായി യുവതി ഐഐഎം ഹോസ്റ്റലില്‍ എത്തി. സംസാരിക്കാന്‍ സ്വകാര്യത വേണമെന്നുപറഞ്ഞ് മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് പീറ്റ്സയും ജ്യൂസും നല്‍കി. ഇത് കഴിച്ചപ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു. പിന്നീട് ബോധം നഷ്ടമായി. ഈസമയത്ത് പരമാനന്ദ് തന്‍റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികമായി ആക്രമിച്ചെന്നും ബോധം വന്നപ്പോള്‍ താന്‍ പരമാനന്ദിന്‍റെ കിടക്കയില്‍ ആയിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി.
ഈ മൊഴിയനുസരിച്ചാണ് പൊലീസ് കേസെടുത്ത് പരമാനന്ദിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. എന്നാല്‍ ശനിയാഴ്ച രാവിലെ പരാതി നിഷേധിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയതോടെ പൊലീസ് വെട്ടിലായി. ‘ഓട്ടോറിക്ഷയില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മകള്‍ എന്നെ വിളിച്ചത്. എന്നാല്‍ പൊലീസ് പറയുന്ന് അവള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നുമാണ്. അങ്ങനെയൊന്നും മകള്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല...’ – പരാതിക്കാരിയുടെ പിതാവ് പറഞ്ഞു.
തുടരന്വേഷണത്തിന് ശ്രമിക്കുന്ന പൊലീസിന് മുന്നില്‍ ഇപ്പോള്‍ പരാതിക്കാരിയുടെയും കുടുംബത്തിന്‍റെയും മൗനം മാത്രമേയുള്ളു. അന്വേഷണവുമായി അവര്‍ സഹകരിക്കുന്നില്ല. സംസാരിക്കാന്‍ വിളിക്കുമ്പോഴെല്ലാം ‘മകള്‍ ഉറങ്ങുകയാണ്’ എന്നുമാത്രമാണ് പൊലീസിന് ലഭിക്കുന്ന മറുപടിയെന്ന് മുതിര്‍ന്ന ഉദ്യോസ്ഥന്‍ പറഞ്ഞു. ഏതായാലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.