• വിമാനദുരന്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • പറന്നുയര്‍ന്നതിനു പിന്നാലെ ഇന്ധനനിയന്ത്രണ സ്വിച്ച് ഓഫായി
  • ശക്തി കിട്ടാതെ വിമാനം താഴേക്ക് പതിച്ചു

260 പേരുടെ മരണത്തിന് ഇ‌‌‍യാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ  പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.  വിമാനത്തിലെ   പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഫ്ലൈറ്റ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ പ്രകാരം വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ ഓഫ് പൊസിഷനിലേക്ക് മാറിയതായി കണ്ടെത്തി. ഇതാണ് വിമാനത്തിന്  ഉയര്‍ന്നുപൊങ്ങാന്‍ ആവശ്യമായ ശക്തി കിട്ടാതെ താഴേക്ക് പതിക്കാന്‍ കാരണമായതെന്നാണ് കണ്ടെത്തല്‍. 

വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതതെന്ന് ഒരു പൈലറ്റ്  സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്.  അതിന് മറുപടിയായി താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹ പൈലറ്റ് മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ശബ്ദം ഏത് പൈലറ്റുമാരുടേതാണെന്ന് വേര്‍തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റ് ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റന്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.  രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ചുകളും ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. 

ഇന്ധനവിതരണം നിലച്ചതിനെത്തുടര്‍ന്ന് ഇരു എന്‍ജിനുകളുടേയും ശക്തി നഷ്ടപ്പെട്ടു. സ്വിച്ച് ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റിയെന്നും ഒരു എന്‍ജിന്‍ ഉടന്‍തന്നെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. നാലു സെക്കന്‍ഡിനുശേഷം രണ്ടാമത്തെ സ്വിച്ചും തിരികെ ഓണാക്കി.  എന്നാല്‍ രണ്ടാമത്തെ എന്‍ജിന് ആവശ്യത്തിന് ശക്തി ലഭിച്ചില്ല. ഇതാണ് വിമാനം താഴേക്കുപോകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്‍ജിനുകളിലോ വിമാനത്തിലോ മറ്റ് തകരാറുകള്‍ ഒന്നും അന്വേഷണസമയത്ത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പക്ഷിയിടിച്ചതിന്റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  അഞ്ച് കെട്ടിടങ്ങള്‍ അപകടത്തില്‍ തകര്‍ന്നുവെന്നും, കെട്ടിടങ്ങളില്‍ ഇടിച്ചതിന്റെയും തുടര്‍ന്ന് ഇന്ധനം കത്തിയതിന്റെയും ഫലമായാണ് വിമാനം പൂര്‍ണമായി നശിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമാനത്തില്‍ ഇന്ധനം നിറച്ച ടാങ്കില്‍ നിന്നുള്ള സാംപിളുകളുടെ ഫലം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും ജീവനക്കാരും ഫിറ്റ്നെസ് പുലര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. എയര്‍ക്രാഫ്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ 15 പേജുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും തകര്‍ന്നുവീണ മേഖലയിലെ പ്രവര്‍ത്തനങ്ങളും ഒക്കെ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

The preliminary report on the Ahmedabad plane crash that claimed 260 lives has been released. The report focuses on the actions of the pilots. According to data from the flight recorder, the fuel control switch in the aircraft moved to the “off” position shortly after take-off. This is identified as the cause for the aircraft losing the required power to gain altitude and subsequently crashing.