Image: India Today,Twitter

Image: India Today,Twitter

TOPICS COVERED

  • പൂജാരിയുടെ ചികിത്സയില്‍ 35കാരിക്ക് ദാരുണാന്ത്യം
  • ഒരു ലക്ഷം രൂപ പൂജാരി ആവശ്യപ്പെട്ടെന്ന് കുടുംബം
  • ചികില്‍സയ്ക്ക് 22000 രൂപ നല്‍കി

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിന് പരിഹാരം തേടി പൂജാരിയെ സമീപിച്ച യുവതിക്ക് ദാരുണാന്ത്യം. അസംഗഡ് സ്വദേശിയായ 35കാരി അനുരാധയ്ക്കാണ് പൂജാരിയുടെ പരിഹാരചികിത്സയിലൂടെ അന്ത്യം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ പഹല്‍വന്‍പുരില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പത്ത് വര്‍ഷം മുന്‍പ് വിവാഹിതയായ അനുരാധയ്ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ആത്മീയ കര്‍മങ്ങളിലൂടെയും ചികിത്സയിലൂടെയും സ്ത്രീകളെ അമ്മമാരാകാന്‍ സഹായിക്കുന്ന പൂജാരിയെക്കുറിച്ച് കേട്ടാണ് അനുരാധയും അമ്മയും ഇയാളുടെ ചികിത്സാകേന്ദ്രത്തിലെത്തുന്നത്. അനുരാധ പൈശാചിക ശക്തിയുടെ സ്വധീനത്തിലാണെന്നായിരുന്നു പൂജാരി ചന്തുവിന്റേയും സഹായികളുടേയും കണ്ടെത്തല്‍. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ശക്തിയായി മുടി പിടിച്ചുവലിക്കുക, കഴുത്തും തലയും വായയും പിടിച്ച് പിന്നിലേക്ക് തളളുക, ശുചിമുറിവെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുക–ഇതായിരുന്നു പൂജാരിയുടേയും സഹായികളുടേയും ചികിത്സാകര്‍മങ്ങള്‍. മകളോടുളള ക്രൂരത അവസാനിപ്പിക്കാനായി അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും പൂജാരിയും കൂട്ടരും വിട്ടില്ല. ക്രൂരത മണിക്കൂറുകളോളം തുടര്‍ന്നതോടെ അനുരാധയുടെ ആരോഗ്യനില വഷളായി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പൂജാരി സഹായികളോട് ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കും മുന്‍പേ അനുരാധ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരിച്ചെന്നു ബോധ്യപ്പെട്ടതോടെ പൂജാരിയുടെ സഹായികള്‍ സ്ഥലം വിട്ടു. 

അനുരാധയുടെ മൃതദേഹവുമായി ഗ്രാമത്തില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ പൂജാരിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. സംഭവമറിഞ്ഞ് കന്ദാരപൂര്‍ എസ്എച്ച്ഒ കെ.കെ. ഗുപ്തയും സിറ്റി സര്‍ക്കിള്‍ ഓഫീസറും സ്ഥലത്തെത്തി. ആത്മീയ ചികിത്സയിലൂടെ അനുരാധയെ അമ്മയാക്കാനായി ഒരു ലക്ഷം രൂപയാണ് പൂജാരി ആവശ്യപ്പെട്ടതെന്നും അ‍ഡ്വാന്‍സ് തുകയായി 22,000രൂപ നല്‍കിയെന്നും പിതാവ് ബലിറാം യാദവ് പറയുന്നു. 

അനുരാധയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ചികിത്സയുടെ പേരില്‍ പൂജാരിയും ഭാര്യയും സഹായികളും തന്റെ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് ബലിറാം പറയുന്നു. വീട് ചികിത്സാകേന്ദ്രമാക്കിയായിരുന്നു ചന്തു നാട്ടുകാരെ പറ്റിച്ചിരുന്നത്. സഹായങ്ങള്‍ക്കായി അടുത്ത പ്രദേശങ്ങളില്‍ നിന്നെല്ലാം ചന്തുവിനെത്തേടി ആളുകളെത്തിയിരുന്നു. അനുരാധയ്ക്ക് സംഭവിച്ചതു പോലുള്ള സമാനാനുഭവം നേരത്തേയുണ്ടായിട്ടുണ്ടെന്നും ചില നാട്ടുകാര്‍ പറയുന്നു.  

ENGLISH SUMMARY:

A woman who approached a priest seeking a solution for childlessness even after ten years of marriage met with a tragic end. Anuradha, a 35-year-old woman from Asangadh, died as a result of the “remedial treatment” performed by the priest. The incident took place on Sunday evening in Pahalwanpur, Uttar Pradesh.