pilot-tejas

TOPICS COVERED

ദുബായ് എയര്‍ഷോക്കിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീഴുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിലേക്കാണെന്ന് കണ്ടിട്ടും പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാല്‍ എന്തുകൊണ്ട് പുറത്തിറങ്ങാന്‍ ശ്രമിച്ചില്ലെന്ന തരത്തില്‍ ചില സംശയങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ യുദ്ധവിമാനം നിയന്ത്രിക്കാനാവാതെ വന്നതോടെ അവസാന സെക്കന്റുകളില്‍ പൈലറ്റ് ഇജക്ഷനു ശ്രമിച്ചിരുന്നുവെന്നാണ് പുതിയ വിഡിയോയിലൂടെ വ്യക്തമാകുന്നത്.

ഡബ്ല്യു.എൽ. ടാൻസ് ഏവിയേഷൻ വീഡിയോസ് പുറത്തുവിട്ട ദൃശ്യങ്ങളിലാണ് അപകടത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്നത്. എയർഷോയിൽ താഴ്ന്ന നിലയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് തേജസ് തകർന്നു വീണത്. 49-52 സെക്കൻഡ് സമയപരിധിക്കുള്ളില്‍, വിമാനം തീഗോളമായി മാറുകയായിരുന്നു. ഇതിനു തൊട്ടുമുന്‍പ് അത്ര വ്യക്തതയില്ലെങ്കിലും പാരച്യൂട്ട് പോലെയുള്ള ഒരു വസ്തു വിഡിയോയില്‍ കാണുന്നുണ്ട്. പൈലറ്റ് പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ വല്ലാതെ വൈകിപ്പോയെന്നുമാണ് വിലയിരുത്തല്‍. പാരച്യൂട്ടിലൂടെ പുറത്തു കടക്കാനുള്ള സമയമോ ഉയരമോ നമാംശിനു ലഭിച്ചില്ലെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. എയര്‍ഷോയ്ക്കിടെ കാണികള്‍ പകര്‍ത്തിയ വിഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

നിലത്തടിച്ചയുടന്‍ വിമാനം തീഗോളമായി മാറുകയായിരുന്നു. അപകടസ്ഥലത്തു നിന്നും ഉയര്‍ന്ന തീഗോളത്തിന്റേയും കറുത്ത പുകയുടേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും വ്യാപകമായി പ്രചരിച്ചു. ഇന്ത്യയുടെ തദ്ദേശീയ മൾട്ടി-റോൾ യുദ്ധവിമാനമായ തേജസുമായി ബന്ധപ്പെട്ട രണ്ടാമത്തെ അപകടവും ആദ്യത്തെ വീരമൃത്യുവുമാണിത്, 10 വർഷം നീണ്ട സേവനത്തിലാണ് പൈലറ്റിനു വീരമൃത്യു സംഭവിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്സാൽമീറിനടുത്ത് ഒരു തേജസ് തകർന്നു വീണിരുന്നെങ്കിലും പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങിയിരുന്നു. 

ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താൻ ഐഎഎഫ് കോർട്ട് ഓഫ് ഇൻക്വയറി രൂപീകരിച്ചിട്ടുണ്ട്. ഹിമാചലിലെ കാന്‍ഗ്രയില്‍ നിന്നുള്ള നമാംശിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യയും വിങ് കമാന്‍ഡറാണ്. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.

ENGLISH SUMMARY:

Tejas fighter jet crash occurred during the Dubai Airshow, resulting in the tragic death of Wing Commander Namamsh Syal. Investigation is underway to determine the cause of the accident, marking a significant loss for the Indian Air Force.