മേഘാലയയില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഹണിമൂണ്‍ സമയത്ത് കൊലപ്പെടുത്തിയ നവവധുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങിയിട്ടില്ല, ഇതിനിടെ സമാനമായ മറ്റൊരു സംഭവം കൂടി, ഇവിടെ ഭര്‍ത്താവ് ഇപ്പോഴും ജീവനോടെയുണ്ട് എന്നതാണ് ആശ്വാസം. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്തയാണിത്. നവവധു ഖുഷ്ബുവിനെ കാണാതായതോടെ ഉത്തര്‍പ്രദേശ് ബദോണ്‍ സ്വദേശിയായ ഭര്‍ത്താവ് സുനില്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനിടെ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കാമുകനൊപ്പം പോയതാണെന്ന് കുറ്റസമ്മതം നടത്തി. സാധാരണ ഗതിയില്‍ വലിയ ബഹളവും പ്രശ്നങ്ങളും ഉണ്ടാവേണ്ടതാണ്, പക്ഷേ സുനില്‍ സംയമനം പാലിച്ചു, മനസില്‍ ആദ്യം ഓര്‍മ വന്നത് മേഘാലയയില്‍ കൊല്ലപ്പെട്ട രാജാ രഘുവംശി എന്ന നവവരനെക്കുറിച്ചാണ്.
കൂടുതലൊന്നും ഓര്‍ത്തില്ല, അവളുടെ ഇഷ്ടം അതാണെങ്കില്‍ അവനൊപ്പം ജീവിക്കട്ടേയെന്ന് സുനില്‍ തീരുമാനമെടുത്തു. പൊലീസ് കേസോ നിയമനടപടിയോ വേണ്ടെന്നും പൊലീസിനെ അറിയിച്ചു. ഇനി ഒരു രാജാ രഘുവംശി ആവാനില്ലെന്നായിരുന്നു അയാള്‍ പൊലീസിനോട് പറഞ്ഞത്. ‘അവള്‍ക്കൊപ്പം നൈനിറ്റാളിലേക്ക് ഹണിമൂണ്‍ ട്രിപ്പ് പോകാമെന്നായിരുന്നു എന്റെ പ്ലാന്‍, ഇനി വേണ്ട, അവള്‍ അവനൊപ്പം ജീവിക്കട്ടേ, ഞങ്ങള്‍ മൂന്നുപേരും ഹാപ്പിയായി, അവരുടെ പ്രണയവും എന്റെ ജീവനും രക്ഷപ്പെട്ടു’ ഇതായിരുന്നു സുനിലിനു പറയാനുണ്ടായിരുന്നത്.
അങ്ങനെ പൊലീസ് സ്റ്റേഷനില്‍വച്ച് കാര്യങ്ങള്‍ ധാരണയിലെത്തി. ഖുശ്ബുവും സുനിലും പരസ്പര സമ്മതത്തോടെ രണ്ടുവഴിക്ക് പോകാമെന്ന് തീരുമാനിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസിനുമുന്‍പില്‍ സംസാരിച്ച് ധാരണയായി.