അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് എയര്‍ ഇന്ത്യ. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി. കൊല്‍ക്കത്തയിലെത്തിയപ്പോഴാണ് യാത്രക്കാരെയെല്ലാം നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലിറക്കിയത്. വിമാനത്തിന്റെ ഇടത് എഞ്ചിനു സംഭവിച്ച തകരാറിനെത്തുടര്‍ന്നാണ് യാത്രക്കാരെ പുറത്തിറക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും കൃത്യസമയത്തു തന്നെ പുറപ്പെട്ട എയര്‍ ഇന്ത്യ AI180 വിമാനം 12.45amനാണ് കൊല്‍ക്കത്തയിലെത്തിയത്. നാലു മണിക്കൂറുകള്‍ക്കു ശേഷം ഇന്നു പുലര്‍ച്ചെ 5.20നാണ് യാത്രക്കാരെല്ലാം പുറത്തിറങ്ങണമെന്ന് ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് വന്നത്. വിമാനത്തിന്റേയും യാത്രക്കാരുടേയും സുരക്ഷയുടെ ഭാഗമായാണ് ഇതെന്നും ക്യാപ്റ്റന്‍ അറിയിച്ചു.
പുറത്തുവന്ന വിഡിയോയില്‍ വിമാനത്തിന്റെ ഇടതുഎഞ്ചിന്‍ ടര്‍മാകില്‍ നിര്‍ത്തിയിരിക്കുന്നതും സാങ്കേതിക വിദഗ്ധര്‍ പരിശോധിക്കുന്നതും കാണാം. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ AI171 വിമാനം ടേക്ക് ഓഫിനിടെ കത്തിയമര്‍ന്ന ദുരന്തം നടന്ന് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു വിമാനത്തിനു ഗൗരവമായ തകരാര്‍ സംഭവിച്ചിരിക്കുന്നത്. പത്ത് കാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് അഹമ്മദാബാദില്‍ അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. ഒരു യാത്രക്കാരനൊഴികെ ബാക്കിയെല്ലാവരും വിമാനത്തിനുള്ളില്‍ കത്തിയമര്‍ന്നു. അപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു പ്രശ്നം കൂടി വരുന്നത്.