അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അപകടശേഷവും ഉള്ളുലയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിമാനം പതിച്ച മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്നും വിദ്യാർഥികളും ജീവനക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വേദനയോടെയല്ലാതെ കാണാനാനാകില്ല. രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ബാല്‍ക്കണിയായിരുന്നു. അലറി വിളിച്ച് ആളുകള്‍ ഈ മാര്‍ഗത്തിലൂടെ പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് കാണാം. തുണികളും മറ്റും കൂട്ടിക്കെട്ടിയാണ് പലരും ഊര്‍ന്നിറങ്ങുന്നത്. സമീപം തീ ആളിപ്പടരുന്നതും കാണാം.
Also Read: ഡിഎന്‍എ പോലും ബുദ്ധിമുട്ട്; അപകടത്തിന്റെ തീവ്രത, പരിശോധന സങ്കീര്‍ണം
242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്നു ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്നു വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്കു നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.