അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ തീവ്രത പരിശോധന സങ്കീര്‍ണമാക്കുന്നുവെന്ന് അധികൃതര്‍. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള കാത്തിരിപ്പ് നീളുകയാണ്. ഡിഎന്‍എ പരിശോധനയില്‍ 119 പേരെ തിരിച്ചറിഞ്ഞെന്നും 74 മൃതദേഹങ്ങള്‍ കൈമാറിയെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാന്‍ 72 മണിക്കൂര്‍ വരെ എടുക്കുമെന്നാണ് മേഘാനി നഗര്‍ സിവില്‍ ആശുപത്രി അധികൃതര്‍ മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും ഒട്ടേറെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ മുഴുവന്‍ സമയവും പരിശോധന നടക്കുകയാണെന്നും 20 ശാസ്ത്രജ്ഞര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അപകടസ്ഥലത്തുനിന്നു ലഭിച്ച പല ശരീരഭാഗങ്ങളും ഡിഎന്‍എ ശേഖരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും ചില സാഹചര്യങ്ങളില്‍ അസ്ഥിമജ്ജയില്‍ നിന്നോ പല്ലിന്റെ ഭാഗങ്ങളില്‍ നിന്നോ ഡിഎന്‍എ ശേഖരിക്കേണ്ടി വരുന്നതായും സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറയുന്നു.
Relatives bury the coffins containing the remains of Rozar David Christian and his wife, Rachnaben Rozar Christian, both victims of the Air India plane crash, at a cemetery in Ahmedabad, India, Sunday, June 15, 2025. (AP Photo/Rafiq Maqbool)
പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹമുള്‍പ്പെടെ തിരിച്ചറിയാനുണ്ട്. സഹോദരന്‍ രതീഷ് ശനിയാഴ്ച്ച അഹമ്മദാബാദിലെത്തി ഡിഎന്‍എ പരിശോധനയ്ക്കു സാംപിള്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുപോയ എയര്‍ ഇന്ത്യ വിമാനം 32 സെക്കന്റിനകം തീഗോളമായത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ വിദ്യാര്‍ഥികളുള്‍പ്പെടെയാണ് മരിച്ചത്. ഹോസ്റ്റലിലെ മറ്റു പലരേയും സമീപത്തു താമസിച്ചിരുന്നവരേയും കാണാതായിട്ടുണ്ട്.