AI Generated Image
11 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഉള്ളിയും വെളുത്തുള്ളിയും കാരണം നശിച്ചെന്നു റിപ്പോര്‍ട്ട്. ഭക്ഷണത്തിലുള്ള അഭിപ്രായ വ്യത്യാസം ഒടുവില്‍ വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ദമ്പതികളെ എത്തിച്ചിരിക്കുകയാണ്. അഹമ്മദാബാദിലാണ് സംഭവം. ഗുജറാത്ത് ഹൈക്കോടതിയിലെത്തിയ കേസ് ഇപ്പോള്‍ രാജ്യവ്യാപക ശ്രദ്ധ നേടുകയാണ്.
2002ല്‍ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്ന ഭാര്യ സ്വാമിനാരായണ്‍ വിഭാഗത്തിന്റെ അനുയായി കൂടിയായിരുന്നു. അവരുടെ വിശ്വാസപ്രകാരം സവാളയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉപയോഗിക്കില്ല. അതേസമയം ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ഇതുരണ്ടുമില്ലാത്തൊരു പാചകരീതി ചിന്തിക്കാന്‍ പോലുമാകില്ല.
അമ്മായിയമ്മയും ഭര്‍ത്താവും തങ്ങളുടെ ഇഷ്ടപ്രകാരം വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ഭക്ഷണമുണ്ടാക്കി കഴിക്കും. ആദ്യമാദ്യം വലിയ കാര്യമാക്കാതിരുന്ന പ്രശ്നങ്ങള്‍ പിന്നീട് വഷളായിത്തുടങ്ങി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹത്തിലും ബന്ധത്തിലും വിള്ളല്‍ വീണുതുടങ്ങി. ഒരേ അടുക്കളയില്‍ രണ്ട് പാചകം എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. വീടിനുള്ളില്‍ അസംതൃപ്തിയും അസഹിഷ്ണുതയും വര്‍ധിച്ചു.
സഹിക്കാനാവാതെ വന്നതോടെ ഒരു ദിവസം ഭാര്യ കുഞ്ഞിനേയുംകൊണ്ട് സ്വന്തം വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് 2013ല്‍ ഭര്‍ത്താവ് അഹമ്മദാബാദ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. നീണ്ട നിയമപോരാട്ടത്തിനു ശേഷം 2024ല്‍ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചു. എന്നാല്‍ ഇതിനു പിന്നാലെ കുടുംബകോടതി വിധിയെ ചോദ്യംചെയ്ത് ഭാര്യ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ചെറിയ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് വഷളാക്കിയത് ഭര്‍ത്താവ് ആണെന്ന് ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ, വിവാഹമോചനത്തെ താൻ ഇനി എതിർക്കുന്നില്ലെന്ന് ഭാര്യ അറിയിച്ചു. ഇതിന് പകരമായി, കുടിശ്ശികയായ ജീവനാംശം ഗഡുക്കളായി കോടതിയിൽ അടയ്ക്കാമെന്ന് ഭർത്താവും സമ്മതിച്ചു. ഈ രീതിയില്‍ പരസ്പര ധാരണയിലെത്തിയതോടെ ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി വിവാഹമോചനം ശരിവെച്ചു.