crash-uk

അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം ലണ്ടനിലെത്തിച്ച മൃതദേഹങ്ങളില്‍ കൊടുംഭീകരമായ തോതില്‍ രാസസാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ ഈ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ജീവനക്കാര്‍ക്ക് അപകടകരമായ തോതില്‍ രാസസാന്നിധ്യമേറ്റതായാണ് റിപ്പോര്‍ട്ട്. ജൂൺ 12-നുണ്ടായ അപകടത്തില്‍ തകർന്ന ബോയിങ് 787 വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരും ഉണ്ടായിരുന്നു. ലണ്ടനിലെത്തിച്ച മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസർ ഫിയോണ വിൽകോക്സ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

മൃതദേഹങ്ങളില്‍ കൂടിയ അളവില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ അപകടകരമായ ഫലങ്ങള്‍ സൃഷ്ടിക്കുകയും ഗുരുതരമായ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. 

ഇതുവരെ ഇൻക്വസ്റ്റുകളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നും ഇന്ത്യയില്‍ നിന്നും  യുകെയിലേക്ക് എത്തിച്ച മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുകയും തിരികെ നൽകുകയും ചെയ്ത രീതി, മോർച്ചറി ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നും ഫിയോണ പറയുന്നു. ശവപ്പെട്ടികള്‍ തുറന്നതോടെ ഉയര്‍ന്ന സാന്ദ്രതയിലുള്ള ഫോര്‍മാലിനും കാർബൺ മോണോക്സൈഡും സയനൈഡും അപകടകരമായ അളവിൽ കണ്ടെത്തിയെന്നും, ഫോര്‍മാലിനില്‍ മുക്കിപ്പൊതിഞ്ഞ അവസ്ഥയിലായിരുന്നു മൃതദേഹങ്ങളെന്നും അദ്ദേഹം പറയുന്നു.  

ഫോർമാലിനിൽ കൂടിയ തോതില്‍ ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥം ഗുരുതരമായ ശ്വാസകോശ  അസ്വസ്ഥതകൾക്കും അര്‍ബുദത്തിനും കാരണമാകും. എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ഒന്നായതിനാൽ അന്തരീക്ഷത്തിൽ കലരാനും ഇടയാക്കും. മെറ്റബോളിക് അസിഡോസിസ്, ബ്രോങ്കോസ്പാസം, പൾമണറി എഡിമ, തുടര്‍ന്നുള്ള മരണം എന്നിവയുൾപ്പെടെയുള്ള സാഹചര്യങ്ങളിലേക്ക് എത്തിക്കും. 

മാത്രമല്ല ചൂടും വെളിച്ചവും ഏൽക്കുമ്പോൾ ഫോര്‍മാലിന്‍ വിഘടിച്ച് അത്യന്തം വിഷമുള്ള കാർബൺ മോണോക്സൈഡ് പുറത്തുവരും. മൃതദേഹം അഴുകുമ്പോൾ ഉണ്ടാകുന്ന അമോണിയയുമായി കലർന്നാൽ അത്യന്തം വിഷമുള്ള സയനൈഡ് പുറത്തുവരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടേക്ക് ഓഫ് ചെയ്ത് 32 സെക്കന്റിനുള്ളില്‍ 600 അടി ഉയരത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം തകർന്നുവീണതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരും പ്രദേശത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചു . ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്.

ENGLISH SUMMARY:

The Ahmedabad plane crash bodies were found to contain dangerous levels of chemicals. This posed a significant health risk to mortuary staff in the UK who handled the remains.