കുട്ടിക്കാലം മുതല്‍ പറവയും ആകാശവും വിമാനവുമായിരുന്നു റോഷ്നി രാജേന്ദ്രയുടെ ഇഷ്ടങ്ങള്‍. ആ ഇഷ്ടം കാബിന്‍ ക്രൂ എന്ന ജോലിയിലേക്കുമെത്തിച്ചു. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തില്‍ മരിച്ചവരില്‍ 27കാരിയായ രോഷ്നിയുമുണ്ട്. ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അവളുടെ ഈ ദാരുണാന്ത്യം. Also Read: മരണത്തിന് മുന്‍പ് ‘ഫാമിലി സെല്‍ഫി’; നൊമ്പരമായി ഡോക്ടറും മക്കളും...
ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളുമായിരുന്നു. അത്രമാത്രം സ്നേഹത്തോടെയും താല്‍പര്യത്തോടെയുമാണ് രോഷ്നി ആ ജോലിയെ ഇഷ്ടപ്പെട്ടത്.
അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്. ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത് . അപകടത്തിൽ അഞ്ച് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേരെ കാണാതായിട്ടുമുണ്ട്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ദുരന്തത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങിയ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും.