ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നൊമ്പരമായി ഒരു ഫാമിലി സെല്‍ഫി.ഉദയ്‌പൂരില്‍ നിന്നുള്ള അച്ഛനും അമ്മയും അടക്കം മൂന്ന് കുഞ്ഞുങ്ങളുടെ സന്തോഷകരമായ അവസാന നിമിഷങ്ങളാണ് സെല്‍ഫിയിലുള്ളത്. ഉദയ്‌പൂരിലെ ആശുപത്രിയിൽ ഡോക്ടറായിരുന്ന കോമി വ്യാസും കുടുംബവുമാണ് സെല്‍ഫിയിലുള്ളത്. മൂന്ന് കുട്ടികളോടൊപ്പം ലണ്ടനിലുളള ഭർത്താവ് ഡോ. പ്രതീക് ജോഷിയോടൊപ്പം താമസിക്കാനായിരുന്നു യാത്രയെന്നാണ് വിവരം. എന്നാല്‍ വിധി സമ്മാനിച്ചത് ദുരന്തമായിരുന്നു.
Read Also:മകന്റെ മരണശേഷം ജീവകാരുണ്യപ്രവര്‍ത്തനം; മകളെ കാണാനുള്ള യാത്ര ദുരന്തയാത്രയായി
ഡോക്ടര്‍ പ്രതീക് ജോഷി എടുത്ത സെൽഫിയിൽ, അദ്ദേഹവും ഭാര്യയും സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് കാണാം. തൊട്ടപ്പുറത്തെ നിരയിൽ അവരുടെ രണ്ട് ആൺകുട്ടികളും മൂത്ത മകളും ഇരിക്കുന്നതും കാണാം. അച്ഛന്‍റെ സെല്‍ഫിയില്‍ നോക്കി ചിരിക്കുന്ന ആ കുഞ്ഞുങ്ങള്‍ രാജ്യത്തിനൊന്നാകെ നൊമ്പരമാവുകയാണ്.
ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്‌പൂരിലെ പസഫിക് ഹോസ്പിറ്റലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോക്ടര്‍ ജോഷി കുറച്ചുകാലം മുമ്പ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു, കുടുംബത്തെ കൂട്ടിക്കൊണ്ടുപോകാൻ ഈ ആഴ്ച ആദ്യം രാജസ്ഥാനിലെ ബൻസ്വാറയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
അതേ സമയം അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 45കാരനായ വിശ്വാസ് കുമാര്‍ രമേഷ് ആണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം.