മുന്‍മുഖ്യമന്ത്രി വിജയ് രുപാണിയുടെ മരണവും ആകാശദുരന്തത്തില്‍ ഗുജറാത്തിന് കനത്ത ആഘാതമായി. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയാണ് ദുരന്തയാത്രയായത്. മുന്‍പും ഗുജറാത്ത് മുഖ്യമന്ത്രി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തില്‍ വിജയ് രുപാണി എന്ന ഒരു യാത്രക്കാരനുണ്ടെന്ന് ആദ്യ മണിക്കൂറില്‍ തന്നെ വാര്‍ത്ത പുറത്തു വന്നെങ്കിലും അത് മുന്‍മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹത്തിന്റെ ജീവനക്കാര്‍ പോലും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
Read Also: മരണത്തിന് മുന്‍പ് ‘ഫാമിലി സെല്‍ഫി’; നൊമ്പരമായി ഡോക്ടറും മക്കളും
വിജയ് രുപാണി മറ്റൊരു വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് വിശദീകരണവും വന്നു. എന്നാല്‍ അപകടത്തിനു തൊട്ടു മുന്‍പ് സഹയാത്രക്കാരി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വിജയ് രുപാനിയെ കണ്ടതോടെ ആശങ്കയുയര്‍ന്നു. അദ്ദേഹത്തിന്റെ ബോര്‍ഡിങ് പാസും പുറത്തുവന്നതോടെ പ്രതീക്ഷകള്‍ മങ്ങി. ഒടുവില്‍ യാത്രക്കാരുടെ പട്ടിക പുറത്തു വന്നതോടെ സ്ഥിരീകരണമായി. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രുപാണിയും ഗുജറാത്തിന്റെ ഹൃദയം തകര്‍ത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
ഗുജറാത്ത് രാഷ്ട്രീയത്തിലെ മിതഭാഷിയായ രാഷ്ട്രീയനേതാവായി അറിയപ്പെട്ട വിജയ് രുപാണി വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയില്‍ വാസം അനുഭവിച്ചു. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി. പിന്നാലെ 2016ലാണ് വിജയ് രുപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2021 വരെ മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നു, പിന്നീട് രാജിവച്ചപ്പോഴാണ് നിലവിലെ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ അധികാരമേല്‍ക്കുന്നത്.
Read Also: ഭാര്യയെയും മകളെയും കാണാൻ യാത്ര; ആകാശദുരന്തത്തിൽ പൊലിഞ്ഞ് ബിജെപിയുടെ സൗമ്യമുഖം
മകന്‍ പുജിത്തിന്റെ മരണശേഷം ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇപ്പോള്‍ ലണ്ടനില്‍ മകളെ കാണാനുള്ള യാത്രയാണ് വിജയ് രുപാനിയുടെ അന്ത്യയാത്രയായത്. ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായിരുന്നു 68 കാരനായ വിജയ് രുപാണി.
ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ബല്‍വന്ത്റായ് മെഹ്തയും വിമാനാപകടത്തിലാണ് കൊലപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണത്തില്‍, 1965ല്‍ ഇന്ത്യാ–പാക് യുദ്ധത്തിനിടെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ത്റായ് മെഹ്ത കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും സഹായികള്‍ക്കുമൊപ്പം അഹമ്മദാബാദില്‍ നിന്ന് മിതാപുരിലേക്ക് ചെറുവിമാനത്തില്‍ പറക്കുമ്പോഴാണ് സിവില്‍ വിമാനമെന്നറിയാതെ പാക്കിസ്ഥാന്‍ വ്യോമസേന വിമാനം വെടിവച്ചിട്ടത്. ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്ന ബല്‍വന്ത് റായിയുടെ മരണത്തിനു ശേഷം രണ്ടു മുഖ്യമന്ത്രിമാര്‍ കൂടി വ്യോമദുരന്തങ്ങളില്‍ മരിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി 2009ലും അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു 2011ലും. രണ്ടും ഹെലികോപ്റ്റര്‍ അപകടമായിരുന്നു.