അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം എഐ171ന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യയുടെ സ്ഥിരീകരണം. കണ്ടെത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ബ്ലാക്ക് ബോക്സ് കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തിയെന്ന് ദേശീയമാധ്യമങ്ങളെല്ലാം അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
എന്നാല്‍ മുന്‍ഭാഗത്തുള്ള രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തണമെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിമാനം പറക്കുന്നതിനിടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നത് ബ്ലാക്ക് ബോക്സിലാണ്. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഈ ചതുരാകൃതിയിലുള്ള സംവിധാനത്തിൽ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഫ്ലൈറ്റ്, കോക്ക്പിറ്റ് റെക്കോർഡിങുകൾ, ഫ്ലൈറ്റ് ഡേറ്റ എന്നിവ രേഖപ്പെടുത്തിയിരിക്കും.
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 265 ആയി. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കിത്തുടങ്ങി. ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളാണ് കൈമാറിത്തുടങ്ങിയത്.