ആകാശമാര്‍ഗമാണ് യാത്രകളിലേറ്റവും സുരക്ഷിതമെന്ന് ഉറപ്പിക്കുന്നത് അപകടക്കണക്കുകള്‍ നിരത്തിയാണ്. കരനാവിക മാര്‍ഗങ്ങളിലെ അപകടങ്ങളുടെ എണ്ണം താരതമ്യം ചെയ്യുമ്പോള്‍ വിമാനാപകടങ്ങള്‍ കുറവാണ് എന്നതുതന്നെയാണ് ഈ ചിന്താഗതിക്ക് അടിസ്ഥാനം. പക്ഷേ വല്ലപ്പോഴുമെങ്കിലുമുണ്ടാകുന്ന വിമാനാപകടങ്ങളില്‍ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെടാറില്ല എന്നത് ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുന്നു.
അങ്ങനെ നോക്കുമ്പോള്‍ നാടിനെ നടുക്കിയ ഒട്ടേറെ ദുരന്തങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അഹമ്മദാബാദിനു മുന്‍പ് രാജ്യം കണ്ട വിമാന അപകടം കേരളത്തില്‍ കോഴിക്കോട്ടായിരുന്നു. കോവിഡ് കാലത്ത് വിദേശത്തു കുടുങ്ങിയവരുമായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേ വിട്ടോടി കൊണ്ടോട്ടിയിലെ വിമാനത്താവളത്തിന്‍റെ വേലിക്കെട്ടും തകര്‍ത്ത്, താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ പക്ഷേ കൈമെയ് മറന്നെത്തിയ നാട്ടുകാര്‍ എല്ലാരീതിയിലും രക്ഷകരായി. ഇന്ത്യ സാക്ഷ്യം വഹിച്ച വിമാനാപകടങ്ങിളിലൂടെ
Also Read: പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് തകർന്നു വീണു; തീഗോളമായി വിമാനം; ദൃശ്യങ്ങൾ
എയര്‍ ഇന്ത്യ എക്സ്പ്രസ് 1344
2020 ഓഗസ്റ്റ് 7നു കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344 റണ്‍വേ വിട്ടോടി. കോവിഡ് കാലത്ത് വിദേശത്തു കുടങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനമായിരുന്നു ഇത് .രണ്ടു പൈലറ്റുമാര്‍ ഉള്‍പെടെ 21പേര്‍ അപകടത്തില്‍ മരിച്ചു. ടച്ച് ഡൗണ്‍ പോയിന്റ് കഴിഞ്ഞതിനുശേഷം ലാന്‍ഡിങ് നടത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തില്‍. വലിയ കുന്നിനു മുകളില്‍ നിര്‍മിച്ച ടേബിള്‍ ടോപ്പ് റണ്‍വേ അപകടത്തിന്‍റെ ആഘാതം കൂട്ടി. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി കോഴിക്കോട് വിമാനത്താവളത്തിന് ഡിജിസിഎ നിഷേധിച്ചു. റണ്‍വേ കഴിഞ്ഞുള്ള സുരക്ഷത ഏരിയയായ റിസയുടെ നിര്‍മാണം ഇപ്പോഴും തുടരുകയാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസ് 812
2010 മേയ് 22 നു ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ മംഗളുരു വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേ വിട്ടോടി സമീപത്തെ കുന്നിന്‍ ചെരുവിലേക്ക് മറിഞ്ഞ് തകര്‍ന്നതില്‍ മലയാളികളടക്കം 158പേരാണ് മരിച്ചത് . ബോയിങ് 737–800 മോഡല്‍ വിമാനമാണ് മംഗളുരുവില്‍ അപകടത്തില്‍പ്പെട്ടത്.
അലയന്‍സ് എയര്‍ 7412
2000 ജൂലൈ17നു പാറ്റ്ന വിമാനത്താവളത്തിനു പുറത്താണ് തിരക്കേറിയ ജനവാസ മേഖലയില്‍ ആണ് അലയന്‍സ് എയര്‍ വിമാനം തകര്‍ന്നുവീണത് . 5 തദ്ദേശ വാസികള്‍ അടക്കം 60പേര്‍ മരിച്ചു. ലാന്‍ഡിങ് പ്രോട്ടോക്കോള്‍ വിധത്തില്‍ പാലിക്കാത്തതാണ് അപകട കാരണമന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് ലാന്‍ഡിങ് പ്രോട്ടോക്കോള്‍ അതീവ ഗൗരവത്തോടെ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഡി.ജി.സി.എ ഒട്ടേറെ മാനദണ്ഡങ്ങളും നടപ്പാക്കി
Read More : വിമാനം ഇടിച്ചിറങ്ങിയത് ലഞ്ച് ടൈമില്‍ ; മെഡി.കോളജ് ഹോസ്റ്റല്‍ അന്തേവാസികളായ 5പേരും മരണമടഞ്ഞു
ചാര്‍ക്കി ദാദ്രി മിഡ് എയര്‍ കോലീഷന്‍
വിമാനങ്ങള്‍ തമ്മലുള്ള കൂട്ടിയിടിക്കും ഇന്ത്യയുടെ ആകാശം ഒരിക്കല്‍ സാക്ഷിയായി. ഇന്ത്യകണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് ചാര്‍ക്കി ദാദ്രി. 1996 നവംബര്‍ 12നു സൗദി എയര്‍ലൈന്‍സ് –763ഉം കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ 1907 വിമാനവും ഹരിയാനയിലെ ചാര്‍ക്കി ദാദ്രി ഗ്രാമത്തിന് മുകളില്‍ ആകാശത്തുവച്ചു നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു. 349പേര്‍ മരിച്ചു. കസാഖിസ്ഥാന്‍ എയര്‍ ലൈന്‍ വിമാനത്തിന്റെ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് നിശ്ചിത വ്യോമപാത വിട്ടു താഴ്ന്നു പറന്നതാണ് അപകടത്തിലേക്കു നയിച്ചത്. ഈ അപകടത്തെ തുടര്‍ന്നാണ് എയര്‍ബോണ്‍ കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം (airborne collision avoidance system (ACAS))വാണിജ്യ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ എയര്‍ലൈന്‍സ് 605
1990 ഫെബ്രുവരി 14ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 605 വിമാനം ലാന്‍ഡിങിനു ശ്രമിക്കുന്നതിനിടെ ബെംഗളുരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. എയര്‍ബസ് എ320 വിമാനം റണ്‍വേയിലെ ടച്ച് ലൈന് മുന്‍പായി ലാന്‍ഡ് ചെയ്ത് സമീപത്തെ ഗോള്‍ഫ് കോഴ്സിലേക്ക് ഇടിച്ചു കയറി. എയര്‍ബസ് വിമാനത്തിന്റെ ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനം കൈകാര്യം ചെയ്തതില്‍ പൈലറ്റിനുണ്ടായ വീഴ്ചയാണു കാരണമെന്ന് പിന്നീട് കണ്ടെത്തി. 92 പേര്‍ അപകടത്തില്‍ മരിച്ചു.
ഇന്ത്യന്‍ എയര്‍ലൈന്‍സ് 113
1988 ഒക്ടോബര്‍ 19 നു മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഹമ്മദാബാദില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഴ്ചകുറഞ്ഞതായിരുന്നു അപകട കാരണം. സമീപത്തെ മരത്തില്‍ ഇടിച്ചശേഷം റണ്‍വേയില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്നുവണു. 135 യാത്രക്കാരില്‍ 133 പേരും മരിച്ചു. കൃത്യമായി കാലാവസ്ഥ റിപ്പോര്‍ട്ട് ലഭിക്കാത്തതും, പൈലറ്റിന്‍റെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്‍റെയും വീഴ്ചയും അപകടത്തിലേക്ക് നയിച്ചെന്നുപിന്നീട് കണ്ടെത്തി.
Read More : ട്രാഫിക്കിൽ കുടുങ്ങി, ഫ്‌ളൈറ്റ് മിസായി; ജീവൻ തിരിച്ചുകിട്ടിയിട്ടും നടുക്കം മാറാതെ ഭൂമി ചൗഹാന്‍
എയര്‍ ഇന്ത്യ 855
1978 ലെ പുതുവല്‍സര ദിനത്തില്‍ മുംബൈയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു. ടേക്ക് ഓഫ് ചെയ്തു 101–ാം സെക്കന്‍ഡിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന 213 പേരും മരിച്ചു. വിമാനത്തിലെ ആള്‍ട്ടിറ്റ്യൂഡ് ഡയറക്ടര്‍ ഇന്‍ഡിക്കേറ്റര്‍ (Attitude Director Indicator) പൈലറ്റിന് തെറ്റായ വിവരം നല്‍കിയതാണ് അപകടത്തിലേക്കു നയിച്ചത്. രാത്രി കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ഇതുമൂലം സ്ഥലവും ദിശയും നഷ്ടമായതാണ് അപകട കാരണമായി കണ്ടെത്തിയത്.
ഇന്ത്യന്‍ എയര്‍ലൈന്‍സ് 440
1973 മേയ് 31 നു ഡല്‍ഹി പാലം വിമാനത്താവളത്തിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നുവീണു. വിമാനത്താവളത്തിനു പുറത്തുള്ള ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകളിലേക്കാണു വിമാനം പതിച്ചത്. 65 യാത്രക്കാരിലെ 48 പേരും മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും 1960ല്‍ പാര്‍ട്ടിയോടു തെറ്റി കോണ്‍ഗ്രസിലെത്തുകയും ചെയ്ത മോഹന്‍ കുമാരമംഗലം ഈ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ സ്റ്റീല്‍ ,ഖനി മന്ത്രിയായിരുന്നു മരിക്കുന്ന സമയത്ത് മോഹന്‍ കുമാരമംഗലം.