കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര വർഷം മുൻപ് തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാനായി പട്ടാമ്പിയിലെ ആക്രി മാർക്കറ്റിലെത്തി. 2020 ഓഗസ്റ്റിലാണ് 21 പേരുടെ മരണത്തിനിടയാക്കി ലാൻഡിങ്ങിനിടെ വിമാനം തകർന്ന് രണ്ടായി പിളർന്നത്.
ശക്തമായ മഴയ്ക്കിടെ വിമാനത്താവള റൺവേയിലേക്ക് പറന്നുതാഴ്ന്ന വിമാനം അപ്രതീക്ഷിതമായി തെന്നിമാറിയുണ്ടായ അപകടം ഇപ്പോഴും മറക്കാനായിട്ടില്ല. പൈലറ്റ് അടക്കം 21 പേർ മരിച്ചതിനൊപ്പം നൂറ്റിഅൻപതിലധികം പേർക്കാണ് പരുക്കേറ്റത്. തകർന്നുവീണു രണ്ടായി പിളർന്ന് മൂക്കുകുത്തിയ നിലയിൽ ആഴ്ചകളോളം റൺവേയുടെ കിഴക്കു ഭാഗത്ത് വിമാനം കിടന്നു. ഇൻഷുറൻസ് പരിശോധനകൾ എല്ലാം പൂർത്തിയാക്കിയ ശേഷം റൺവേയുടെ താഴെ മറ്റൊരു ഭാഗത്തേക്ക് മാറ്റി.
ഇതിനിടെ പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകി. ഇപ്പോൾ എയർ ഇന്ത്യയുടെ നടപടികൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പൊളിച്ചു വിൽക്കാനുള്ള തീരുമാനം. രണ്ടുമാസം മുൻപ് ഓൺലൈൻ ടെൻഡർ വിളിച്ചു. പട്ടാമ്പി കാരക്കാട് പാറപ്പുറത്തെ പ്രമുഖ ആക്രി വ്യാപാരിയാണ് വിമാനം ലേലത്തിൽ പിടിച്ചത്. വിമാനത്തിനുള്ളിലെ യന്ത്ര സാമഗ്രികൾ എല്ലാം നേരത്തെ മാറ്റിയിരുന്നു. അലുമിനിയവും ചെമ്പും പിച്ചളയും പ്ലാസ്റ്റിക്കും എല്ലാം വേർതിരിച്ച് വരും ദിവസങ്ങളിൽ ആക്രി സാധനങ്ങളായി മാറും. പഴയ വാഹനങ്ങൾ പൊളിച്ചടുത്ത് സ്പെയർപാർട്സുകൾ വില്പന നടത്തുന്ന സ്ഥാപനം കൂടിയാണിത്. ഈ പൊളിക്കുന്നത് വിമാനമായതുകൊണ്ട് അങ്ങനെ ഒരു വിൽപന സാധ്യതയില്ലെന്ന് സ്ഥാപന ഉടമ തമാശയായി പറയുന്നു.