stampede-cid

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിഐഡിക്ക് കൈമാറി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. മജിസ്ട്രേറ്റ്തല അന്വേഷണത്തിന് പുറമെയാണിത്. അന്വേഷണം സിഐഡിക്ക് കൈമാറിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

Read Also: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ദുരന്തത്തില്‍ സ്വമേധായാ കേസെടുത്ത ഹൈകോടതി സര്‍ക്കാരിനോടു വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. അതിനിടെ സംഘാടകരമായ കര്‍ണാടക ക്രിക്കറ്റ് അസോസിഷന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചകളുണ്ടായതിന്റെ തെളിവുകള്‍ പുറത്തുവന്നു. സ്റ്റേഡിയത്തിന്റെ തൊട്ടടുത്ത് തന്നെ ഒരുലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സ്വീകരണം നല്‍കിയതിലും വിമര്‍ശനം കടുക്കുന്നതിനിടെ മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി.

കന്നി കിരീടധാരണം പുലര്‍ച്ചവരെ ഉറങ്ങാതെ ആഘോഷമാക്കിയ ആരാധകരുടെ പ്രീതി നേടാന്‍ സര്‍ക്കാരും ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുംമത്സരിച്ചതിന്റെ ബാക്കിയാണു സമാനതകളില്ലാത്ത ദുരന്തം. നാലുലക്ഷം ആളുകള്‍ ഒഴുകിയെത്തിയതോടെ അയ്യായിരം പൊലീസിനെ ഇറക്കി നടത്തിയ സുരക്ഷാ സംവിധാനങ്ങള്‍ പൊളിഞ്ഞു. മുള്ളു കമ്പിവേയിലുള്ള കൂറ്റന്‍ മതില്‍ പോലും ആളുകള്‍ ചാടിക്കടന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇത്രയും വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നതു മുന്‍കൂട്ടി കാണാനോ മുന്‍കരുതല്‍ എടുക്കാനോ സംഘാടകരായ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ആയില്ലെന്നാണ് ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. 

അതിനിടെ ദുരന്തത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സ്വമേധായ കേസെടുത്ത കോടതി വിഷയം ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം വിമര്‍ശനം കടുക്കുമ്പോഴും നടപടികള്‍ക്കായി മജിസ്ട്രേറ്റ് തല റിപ്പോര്‍ട്ട് വരട്ടെയെന്ന നിലപാടിലാണു സര്‍ക്കാര്‍. ബെംഗളുരു ജില്ലാ കലക്ടര്‍ അന്വേഷണത്തിന്റെ ഭാഗമായി കെ.എസ്.സി.എ, ആര്‍.സി.ബി. പരിപാടിയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നിവര്‍ക്കു നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം തൊട്ടടുത്ത് വിധാന സൗധയില്‍ ഒരുലക്ഷം ആളുകളെ പങ്കെടുപ്പിച്ചു  സ്വീകരണം നല്‍കിയതിലും പൊലീസ് വിഴ്ചകളിലും സര്‍ക്കാര്‍ മൗനം തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആര്‍.സി.ബി പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ആര്‍.സി.ബി കെയര്‍ പദ്ധതിക്കു തുടക്കമിടുകയും ചെയ്തു.

ENGLISH SUMMARY:

Case Filed Against RCB, Karnataka Cricket Body Over Bengaluru Stampede Deaths