ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതില്‍ സംഘാടകരായ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് കുരുക്കു മുറുകുന്നു. കെ.എസ്.എയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡി.ജി.പി. സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കേസെടുക്കാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ പരാതിയും ലഭിച്ചു. അതേ സമയം, ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് വമ്പന്‍ പരിപാടി നടത്തിയ സിദ്ധരാമയ്യ സര്‍ക്കാരും കടുത്ത വിമര്‍ശനമാണു നേരിടുന്നത്.
കന്നി കിരീടധാരണത്തിനു പിറകെ പുലര്‍ച്ചവരെ ഉറങ്ങാതെ ആഘോഷമാക്കിയ ആരാധക കൂട്ടത്തിന്‍റെ പ്രീതി നേടാന്‍ സര്‍ക്കാരും ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനും നടത്തിയ മല്‍സരമാണ് സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നയിച്ചത്. നാലുലക്ഷം ആളുകള്‍ ഒഴുകിയെത്തിയതോടെ അയ്യായിരം പൊലീസിനെ ഇറക്കി നടത്തിയ സുരക്ഷാ സംവിധാനങ്ങളെല്ലാം പൊളിഞ്ഞു. മുള്ളു കമ്പിവേയിലുള്ള കൂറ്റന്‍ മതില്‍ പോലും ആളുകള്‍ ചാടിക്കടന്നെന്നും വന്‍ജനക്കൂട്ടമെത്തുന്നത് മുന്‍കൂട്ടികാണാന്‍ സംഘാടകര്‍ക്ക് ആയില്ലെന്നുമാണു ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടികാണുന്നതില്‍ പരാജയപെട്ട ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വീഴ്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പൊലീസ് വിലക്കിയിട്ടും വിക്ടറി പരേഡ് നടത്തുമെന്നു ആര്‍.സി.ബി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് ആളെകൂട്ടിയതിനെ കുറിച്ചും സര്‍ക്കാര്‍ മൗനമാണ്. മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു പറഞ്ഞൊഴിയുകയാണ് ആഭ്യന്തര മന്ത്രി.
ക്രെഡിറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ മല്‍സരമാണു ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി പൊലീസ് ചെയ്തുവെന്ന് നഗരത്തിന്‍റെ ചുമതലയുള്ള മന്ത്രിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിലപാട് എടുത്തതോടെ മജിസ്റ്റീരിയല്‍ അന്വേഷണം സംഘാടകരായ ക്രിക്കറ്റ് അസോസിയേഷനെതിരെയുള്ള തെളിവ് ശേഖരണമായി മാറുമെന്നുറപ്പായി.