Ahmedabad: Royal Challengers Bengaluru s captain Rajat Patidar lifts the championship trophy as players celebrate during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Arun Sharma) (PTI06_04_2025_000093A)
ഫ്രാഞ്ചൈസിയുടെ കന്നി ഐപിഎല്‍ വിജയത്തിന് പിന്നാലെ സംഭവിച്ച ദുരന്തത്തിന്‍റെ ഓര്‍മകള്‍ അലട്ടുന്നതിനാല്‍ വിരാട് കോലിയുടെ ആര്‍സിബി അടുത്ത സീസണില്‍ ബെംഗളൂരുവില്‍ കളിക്കില്ല. ചിന്നസ്വാമി വേദനിപ്പിക്കുന്ന ഓര്‍മയായതോടെ ആര്‍സിബി ഹോം മത്സരങ്ങള്‍ക്കായി പുതിയ വേദി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിന്നസ്വാമിയില്‍ ഇനി കളിക്കില്ലെന്നും പകരം റായ്പുരോ, ഇന്‍ഡോറോ പരിഗണിക്കണമെന്നുമാണ് ആര്‍സിബിയുടെ ആവശ്യം. അതേസമയം, ഇതുസംബന്ധിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും എന്‍ഡിടിവി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബറില്‍ നടക്കേണ്ടിയിരുന്ന വിജയ്ഹസാരെ ട്രോഫി മല്‍സരവും കോലിയുടെ അസൗകര്യത്തെ തുടര്‍ന്ന് ചിന്നസ്വാമിയില്‍ നിന്ന് മാറ്റിയിരുന്നു. മറക്കാനാഗ്രഹിക്കുന്ന ഓര്‍മയാണതെന്ന് കോലിയും ഒരിക്കല്‍ എഴുതിയിരുന്നു. ട്രോഫി സെലിബ്രേഷനിടെ ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പേജില്‍ തിക്കും തിരക്കുമുണ്ടെന്നും സ്ഥിതി വഷളാണെന്നും ആളുകള്‍ കമന്‍റിട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് ഗൗനിക്കാതിരുന്നതാണ് മരണസംഖ്യ കൂട്ടിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഒടുവില്‍ അധികൃതര്‍ എങ്ങനെയോ പുറത്തെ ബഹളങ്ങളും ഗുരുതര സ്ഥിതിയും അറിഞ്ഞതോടെയാണ് ചടങ്ങ് വെട്ടിച്ചുരുക്കിയത്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയതെന്ന് കര്‍ണാടക സര്‍ക്കാരും വെളിപ്പെടുത്തി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും ചികില്‍സയിലുള്ളവരുടെ ചെലവ് വഹിക്കുമെന്നും അറിയിച്ചിരുന്നു. ആര്‍സിബിയും അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, രാജസ്ഥാന്‍ റോയല്‍സും ഹോം മല്‍സരങ്ങള്‍ ജയ്പുരില്‍ നിന്നും പൂണെയിലേക്ക് മാറ്റും. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് തീരുമാനം. രാജസ്ഥാന്‍ റോയല്‍സിന്‍റെ മല്‍സരങ്ങളില്‍ വാതുവയ്പ് നടന്നുവെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി ആരോപിച്ചതാണ് പ്രശ്നം വഷളാക്കിയത്.