Ahmedabad: Royal Challengers Bengaluru s captain Rajat Patidar lifts the championship trophy as players celebrate during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Arun Sharma) (PTI06_04_2025_000093A)
കിരീട നേട്ടത്തിനും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെ ആര്‍സിബിയെ വില്‍പ്പനയ്ക്ക് വച്ച് ഉടമസ്ഥരായ ഡിയാജിയോ. അടുത്ത മാര്‍ച്ച് 31ന് മുന്‍പ് പുതിയ ഉടമകള്‍ ടീമിന് വരുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് ബില്യണ്‍ ഡോളര്‍ (200 കോടി ഡോളര്‍) ആണ് വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇന്നലെയാണ് ഇതുസംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയത്. തങ്ങളുടെ വിലേയറിയതും തന്ത്രപ്രധാനവുമായ ആസ്തിയാണ് ആര്‍സിബിയെങ്കിലും ആല്‍കോ–ബെവ് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ളതിനാല്‍ ഉടമസ്ഥാവകാശം കൈമാറാന്‍ തീരുമാനിക്കുന്നുവെന്നാണ് വിശദീകരണം.
വില്‍പ്പനയ്ക്കുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ഡിയാജിയോ ആരംഭിച്ചു. മാര്‍ച്ച് 31ഓടെ ഇത് പൂര്‍ത്തിയാകും. ആര്‍സിബിയുടെ ഉടമസ്ഥാവകാശം ഡിയോജിയോ ഒഴിഞ്ഞേക്കുമെന്നും യുഎസില്‍ നിന്നുള്ള സ്വകാര്യ കമ്പനികളടക്കം താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും ക്രിക്ബസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പും, അദാനിയും, അഡാര്‍ പൂനെവാല, ഡല്‍ഹി വ്യവസായി രവി ജയ്പുര തുടങ്ങിയവരും ആര്‍സിബി വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിരീടം സ്വന്തമാക്കി ആറുമാസങ്ങള്‍ക്കിപ്പുറം ആര്‍സിബിയെ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ഉടമകളെ പ്രേരിപ്പിച്ചത് നിരവധി ഘടകങ്ങളാണെന്ന് വ്യക്തം. കിരീടനേട്ടത്തിന് പിന്നാലെ നടത്തിയ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 47ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വലിയ നിയമകുരുക്കിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ഇതിന് പുറമെ വിരാട് കോലിയുടെ കരിയര്‍ ഇനിയെത്ര കാലം കൂടിയെന്നതും വില്‍പ്പനയ്ക്കായി ഡിയാജിയോയെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആര്‍സിബിയുടെ മൂല്യം കോലിയായിരുന്നുവെന്നും അത് ഇടിഞ്ഞാലുണ്ടായേക്കാവുന്ന നഷ്ടം നിലവിലെ സാഹചര്യത്തില്‍ താങ്ങാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍.
111.6 മില്യണ്‍ ഡോളറിനാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ആര്‍സിബിയെ വാങ്ങിയത്. അന്ന് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ് ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയും ആര്‍സിബിയായിരുന്നു. 2015 ല്‍ ഡിയാജിയോ കമ്പനിയില്‍ ഓഹരി വാങ്ങി. ഒരു വര്‍ഷത്തിനിപ്പുറം ഡിയാജിയോ ആര്‍സിബിയെ സ്വന്തമാക്കുകയായിരുന്നു.