rahul-modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. അമേരിക്കൻ‌ പ്രസിഡ‍ന്റ് പറഞ്ഞതനുസരിച്ചാണ് പാകിസ്താനെതിരായ നടപടി പ്രധാനമന്ത്രി അവസാനിപ്പിച്ചതെന്ന് രാഹുൽ ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച 'സംഗതന്‍ ശ്രജന്‍ അഭിയാന്‍' പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. 'ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവര്‍ക്കുമേല്‍ ചെറിയ സമ്മര്‍ദം ചെലുത്തിയാല്‍ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാല്‍ മതി.. ഭയംകൊണ്ട് അവര്‍ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചത്,' രാഹുല്‍ പറഞ്ഞു.

ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.'ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971-ലെ യുദ്ധത്തിന്റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, 'ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും'. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി,' രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുലിന് മറുപടിയുമായി ബിജെപി രം​ഗത്തെത്തി. രാഹുൽ സംസാരിക്കുന്നത് പാകിസ്താന്റെ ഐഎസ്ഐയുടെ ഭാഷയെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ പറഞ്ഞു. രാഹുൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി പറഞ്ഞു.

ENGLISH SUMMARY:

Rahul Gandhi has taken a jab at Prime Minister Narendra Modi, alleging that Modi halted actions against Pakistan at the behest of the US President. Gandhi claimed that following "Operation Sindoor," Donald Trump called Modi and instructed him to cease all operations, which Modi purportedly obeyed without question. This statement is a direct taunt aimed at the Prime Minister's decision-making regarding national security.