പോക്സോ കേസ് തള്ളിപ്പോയതോടെ വിജയാഘോഷവുമായി ബിജെപി മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍. കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രകടനം. ഗുണ്ടകള്‍ക്ക് മുന്നില്‍ നിയമം തലതാഴ്ത്തുന്നുവെന്ന് അതിജീവിതകള്‍ക്കായി ഉറച്ചുനിന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ടും ബജ്റംഗ് പൂനിയയും പ്രതികരിച്ചു. 

നാടുനീളെ സ്വീകരണം, ആവേശത്തോടെ അനുയായികള്‍. വിജയശ്രീലാളിതനായി ബ്രിജ് ഭൂഷണ്‍. പോക്സോ കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് ഈ ആഘോഷങ്ങള്‍. രൂക്ഷവിമര്‍ശനമാണ് ഗുസ്തി താരങ്ങളും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുമായ വിനേഷ് ഫൊഗട്ടും ബജ്റംഗ് പൂനിയയും ബ്രിജ് ഭൂഷനെതിരെ ഉയര്‍ത്തുന്നത്. 

ആറ് താരങ്ങളുടെ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും സമ്മര്‍ദം ചെലുത്തി ഈ കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ 2023ല്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി തിരുത്തിയതോടെയാണ്, പൊലീസ് കേസ് അവസാനിപ്പിക്കാന്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. മറ്റ് ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ പൊലീസ് ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ENGLISH SUMMARY:

Following the court's approval to dismiss the POCSO case, former BJP MP and ex-Wrestling Federation chief Brij Bhushan celebrated publicly, sparking outrage. Wrestlers Vinesh Phogat and Bajrang Punia, who stood by the survivors, condemned the verdict, saying the law has bowed before power.