പ്രതീകാത്മക ചിത്രം
ഗുജറാത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇന്‍ജക്ഷന്‍ നല്‍കി പീഡിപ്പിച്ചു. മെഹ്സാന ജില്ലയിലെ വിജാപൂര്‍ നഗരത്തിലെ സ്കൂള്‍ ക്യാംപസിലാണ് എട്ടുവയസുകാരി രണ്ടു തവണ ലൈംഗിക പീഡനത്തിനിരയായത്. നവംബര്‍ 19ന് ശനിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ട ശേഷം കുട്ടി ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ ഗ്രൗണ്ടിൽ വെച്ച് ഇയാൾ കുട്ടിയെ ബലമായി പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു.
സ്കൂളിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നവംബര്‍ 20നും ഇതേ സംഭവം ആവര്‍ത്തിക്കപ്പെട്ടു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ കുട്ടിയുടെ വലതു കൈയ്യില്‍ ഒരു ഇൻജക്ഷൻ നൽകിയതായും പെണ്‍കുട്ടി പറഞ്ഞു. പീഡനവിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇന്‍ജക്ഷന്‍ നല്‍കിയത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പലതവണ ആവര്‍ത്തിച്ചതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
കുട്ടി വീട്ടിലെത്തിയ ശേഷം തളർച്ച പ്രകടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പറയുകയും ചെയ്തതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈംഗികാതിക്രമം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതോടെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.