തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. കിളിരൂര്‍ കേസ് അന്വേഷിച്ചത് തന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതാണെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ശ്രീലേഖ പ്രതികരിച്ചു.
കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിവില്‍ റൈറ്റ്സ് സൊസൈറ്റിയാണ് ശ്രീലേഖയ്ക്കെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ഈ പരാതിയില്‍ ഇന്നലെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
നിയമത്തെ കുറിച്ച് അറിവുള്ളയാള്‍ തന്നെ അതിജീവിതമാരുടെ പേരുവിവരങ്ങളടക്കം വെളിപ്പെടുത്തുന്നത് ഗുരുതര കുറ്റമാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യൂട്യൂബ് ചാനലിലൂടെ മുന്‍പ് വെളിപ്പെടുത്തിയെന്നും മറ്റ് കേസുകളിലെ ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും വെളിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്.