ആലപ്പുഴയിൽ ജി.സുധാകരനും സിപിഎമ്മും തമ്മിൽ പോര് രൂക്ഷം. സുധാകരനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം തെരുവിലിറങ്ങി. അമ്പലപ്പുഴയിൽ സിപിഎം ഇനി തിരിച്ചുവരില്ലെന്ന് ജി.സുധാകരനും തിരിച്ചടിച്ചു. അതേസമയം മെഡിക്കല്‍ കോളജില്‍ ഭക്ഷണം വിതരണം ചെയ്യരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ വിശദീകരിച്ചു. നീർക്കുന്നം ഗവ. യുപി സ്കൂളിൽ ജി.സുധാകരനും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘര്‍ഷമാണ് പോര് വീണ്ടും രൂക്ഷമാകാൻ കാരണം.
എം.വി.ഗോവിന്ദനെതിരായ പ്രസ്താവനയും, സിപിഎം നേതാക്കളെ സംശയ നിഴലിൽ നിർത്തി വണ്ടാനം മെഡിക്കൽ കോളജിനെതിരായ അഴിമതി ആരോപണവും, മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പൊതിച്ചോർ വിതരണം വേണ്ടെന്ന പ്രസ്താവനയും സുധാകരനും സിപിഎമ്മും തമ്മിലുള്ള പോര് ശക്തമാകുന്നതിന് കാരണമായി. ഒടുവിൽ നീർക്കുന്നം ഗവ. യുപി സ്കൂളിൽ സിപിഎം പഞ്ചായത്ത് അംഗങ്ങളുമായുള്ള വാക്കേറ്റം പ്രശ്‌നം രൂക്ഷമാക്കി.
ഒരാഴ്ചയ്ക്കിടെ സിപിഎം നേതാക്കളും ജി.സുധാകരനും തമ്മിൽ വാക്പോര് ശക്തമായിരുന്നു. ജി.സുധാകരനെതിരെ പാർട്ടി വീണ്ടും പരസ്യ പ്രതിഷേധവുമായി എത്തി. പുന്നപ്രയിലെ ജി.സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും എംഎല്‍എയാണെന്ന് നോക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആഞ്ഞടിച്ചു. ജി.സുധാകരന്റെ യഥാർത്ഥ സ്വഭാവം ജനങ്ങളുടെ മുൻപിൽ നേരത്തെ തുറന്നു കാണിക്കാൻ കഴിയാത്തതിൽ മാപ്പു ചോദിക്കുന്നു എന്ന് മുൻ എംഎല്‍എ എച്ച് സലാം പറഞ്ഞു. സുധാകരന്‍റെ നാവില്‍ ആണി അടിക്കേണ്ടി വരുമെന്നായിരുന്നു സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയുടെ പരാമര്‍ശം.
എന്നാൽ സിപിഎം പരസ്യമായി രംഗത്തെത്തുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാടാണ് ജി.സുധാകരന്. സിപിഎം നേതാക്കൾക്കെതിരെ വീണ്ടും സുധാകരന്‍ ആഞ്ഞടിച്ചു. നീർക്കുന്നം സ്കൂളിൽ സന്ദർശനത്തിന് എത്തിയ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന് ആരോപിച്ചു സുധാകരൻ നൽകിയ പരാതിയിൽ രണ്ട് അധ്യാപകർക്കെതിരെയും സ്‌കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാനായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും അമ്പലപ്പുഴ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. ആഭ്യന്തരം, തദ്ദേശ ഭരണം, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർക്കും ജി.സുധാകരൻ പരാതി നൽകി