വിയറ്റ്‌നാമിലെ ബോട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. കൊട്ടാരക്കര സ്വദേശി എ.സി.തോമസ്, ഭാര്യ ലോവേനി എന്നിവരാണ് മരിച്ചത്. വിക്ടറി മെഡിക്കല്‍സ് ഉടമയാണ് എ.സി.തോമസ്. വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഫു കോക് ദ്വീപിന് സമീപം, വലിപ്പമേറിയ സ്പീഡ് ബോട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടം. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് കടലിൽ മുങ്ങിയതെന്നാണ് സൂചന. 

ബോട്ടില്‍ ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷ മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ആകെ 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ നാലുപേർ ബോട്ട് ജീവനക്കാരാണ്. രക്ഷപെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്. 21 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 

ശനിയാഴ്ച്ച വൈകിട്ടോടെയാണ് വിയറ്റ്‌നാമിലെ ഫു കുവോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരുമായി ഹോൺ മായ് റുട്ട് എൻഗോയി ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ടാണ് ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും കടലിലേക്ക് വീഴുകയായിരുന്നു. 

വിനോദസഞ്ചാരികള്‍ ദിനംപ്രതി എത്തുന്ന സ്ഥലമായതിനാല്‍ തന്നെ സമീപത്ത് മറ്റ് ബോട്ടുകളുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു. കാണാതായവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും, ഹാനോയിയിലെ എംബസിയിലുമായി രണ്ട് സ്ഥലങ്ങളിൽ ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ENGLISH SUMMARY:

Malayali couple among those who died in Vietnam boat tragedy. The couple from Kottarakkara, AC Thomas and his wife Loveni, were among the victims of a tourist boat capsizing near Phu Quoc island.