കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ 14കാരിയെ അപമാനിച്ച കണ്ടക്ടർക്ക് കോടതി 5 വർഷം കഠിനതടവും 25,000 പിഴയും ശിക്ഷിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടർ ആയിരുന്ന വെമ്പായം വേറ്റിനാട് രാജ്ഭവനിൽ സത്യരാജിനെയാണ് (53) കോടതി 5 വർഷം കഠിനതടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചത്.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമം വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എംപി. ഷിബുവാണ് സത്യരാജിനെ ശിക്ഷിച്ചത്. യാത്രക്കിടെ പെൺകുട്ടിയുടെ പിൻഭാഗത്ത് ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. തിരക്കിനിടെ അറിയാതെ കൈ തട്ടിയതാകാമെന്ന് കരുതി കുട്ടി അവിടെനിന്ന് മാറിനിന്നു. എന്നാൽ സത്യരാജ് തുടർന്നും കുട്ടിയോട് ഇതേ രീതിയിൽ പ്രതികരിച്ചതോടെ കുട്ടി ഇക്കാര്യം സ്‌കൂളിൽ അറിയിക്കുകയായിരുന്നു.
സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ ആര്യനാട് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. പൊതുഗതാഗത സംവിധാനം സുരക്ഷിതമെന്ന് കരുതി യാത്രചെയ്ത വിദ്യാർത്ഥിനിക്ക് സംരക്ഷണം ഒരുക്കാൻ കണ്ടക്ടർ ബാദ്ധ്യസ്ഥനാണെന്നും, അയാൾ തന്നെ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി.