മന്ത്രിസഭ അറിയാതെ നയം പൊളിച്ചെഴുത്താൻ ഉദ്യോഗസ്ഥർക്കാവുമോ? കേരളത്തിൽ അത്തരമൊരു കാര്യം നടന്നിട്ടുണ്ടെന്ന് പറയുകയാണ് മുൻ ഐഐഎസ് ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരളത്തിൽ സ്വകാര്യ പ്രഫഷണൽ കോളജുകൾ കൊണ്ടുവരാൻ തീരുമാനിച്ചത് മന്ത്രിസഭ അറിയാതെയെന്നാണ് തന്‍റെ പുസ്തകത്തിൽ കണ്ണന്താനം പറയുന്നത് .
സർക്കാർ നയത്തിന് വിരുദ്ധമായി സ്വകാര്യ എൻജിനിയറിങ് കോളജുകൾക്ക് നിരാക്ഷേപ പത്രം കൊടുത്ത അൽഫോൻസ് കണ്ണന്താനത്തെ പിന്തുണച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് രാജിഭീഷണി മുഴക്കി. അൽഫോൻസ് കണ്ണന്താനം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്തായിരുന്നു നടപടി.
ഉദ്യോഗസ്ഥന് ഇച്ഛാശക്തിയുണ്ടെങ്കിൽ എത്ര കടുത്ത നടപടിയുമെടുക്കാൻ രാജ്യത്ത് സാധിക്കും അൽഫോൻസ് കണ്ണന്താനം പറയുന്നു. ദ വിന്നിങ് ഫോർമുല, 52 വേയ്‌സ് ടു ചേഞ്ച് യുവർ ലൈഫ് എന്ന പുസ്തകത്തിലാണ് കണ്ണന്താനത്തിന്‍റെ വെളിപ്പെടുത്തലുകൾ.