ഷൈലജ ടീച്ചറോട് പാർട്ടി വിവേചനം കാണിക്കുന്നുണ്ടോ? ജി. സുധാകരന്‍റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ? സർവേ എന്തുപറയുന്നു?

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആദ്യം തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ച്  പ്രചാരണത്തിൽ മേൽക്കൈ നേടുന്നതിനുള്ള പരിശ്രമത്തിലാണ് മുന്നണികൾ. അസംതൃപ്തി പരമാവധി ഒഴിവാക്കി സമ്മതരായ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക എന്നത് തന്നെയാണ് പ്രധാന കടമ്പ. വിജയസാധ്യതയും പ്രധാനമാണ്. സിറ്റിങ് സീറ്റുകളിലടക്കം ചില നീക്കുപോക്കുകളും മുന്നണികൾ ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ.കെ. ഷൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. ഷൈലജ ടീച്ചറോട് സിപിഎം വിവേചനം കാണിക്കുന്നുണ്ടോ എന്നായിരുന്നു സർവേയിലെ ചോദ്യം. വിവേചനമുണ്ടെന്ന് 55.2 ശതമാനം പേർ അഭിപ്രായപ്പെട്ടു.  ഇല്ല എന്നാണ് 29.5 ശതമാനം പേരുടെ അഭിപ്രായം.

തിരഞ്ഞെടുപ്പിൽ ജി. സുധാകരൻ മത്സരത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു ഘട്ടത്തിലും സിപിഎം നേതൃത്വത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.  ജി. സുധാകരന്‍റെ കാര്യത്തിൽ എന്തെങ്കിലും പരിഗണനയുണ്ടോ എന്ന് തിരുവനന്തപുരത്ത് നടന്ന  വാർത്താസമ്മേളനത്തിൽ ഉയര്‍ന്ന ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നല്‍കിയത്. ഇതിനോടുള്ള പ്രതികരണമായി ഇനി പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരനും സമൂഹമാധ്യമത്തിലൂടെ  വ്യക്തമാക്കി. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ മനം നൊന്തായിരുന്നു സുധാകരന്റെ ഈ നിലപാട്. സുധാകരൻ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നായിരുന്നു സർവേയിൽ ഉയർന്ന മറ്റൊരു ചോദ്യം. കഴമ്പുണ്ടെന്ന് 46.1 ശതമാനവും ഇല്ലെന്ന് 35.4 ശതമാനവും പ്രതികരിച്ചു. സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് അനുകൂലമായി 40.2% പേരും എതിർത്ത് 32.8 ശതമാനം പേരും സർവേയിൽ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള  മല്‍സരത്തില്‍ വി ഡി സതീശന്‍ തന്നെ മുന്നില്‍; സർക്കാരിനുള്ള പിന്തുണയിൽ ഇടിവ്.

മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിൽ ഈയാഴ്ചയും മാറ്റമില്ല. അത് വി.ഡി. സതീശൻ തന്നെ. സർവേയിൽ പങ്കെടുത്തവരിൽ 29.2 ശതമാനം പേർ സതീശനെ പിന്തുണച്ചു. പിണറായി വിജയനാണ് തൊട്ടുപിന്നിൽ. 25.1 ശതമാനം പേരുടെ പിന്തുണ പിണറായിക്കുണ്ട്. 11.7 ശതമാനം പേർ ശശി തരൂരിനൊപ്പമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സതീശനുള്ള പിന്തുണ വർധിക്കുന്നതായാണ് സർവേഫലം സൂചിപ്പിക്കുന്നത്. ഫെബ്രുവരി അവസാനയാഴ്ച 27.1 ശതമാനമായിരുന്നു സതീശനുള്ള പിന്തുണ. സർവേ തുടങ്ങിയ ഫെബ്രുവരി ആദ്യയാഴ്ച ഇത് 24.1 ശതമാനമായിരുന്നു. തുടർന്നുള്ള നാലാഴ്ചകളിൽ കയറിയും ഇറങ്ങിയും നിന്ന പിന്തുണ ഈയാഴ്ച ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പിണറായി വിജയനും ഈയാഴ്ച നില മെച്ചപ്പെടുത്തി. 23.5 ശതമാനമായിരുന്നു ഫെബ്രുവരി അവസാനയാഴ്ച പിണറായി വിജയനുള്ള പിന്തുണ. അതാണ് 25.1 ശതമാനത്തിലേക്ക് ഉയർന്നത്. സർവേ തുടങ്ങിയശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണിത്.

ഇടത് സർക്കാർ മാറണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം ഈയാഴ്ച ഉയർന്നു. സർവേയിൽ പങ്കെടുത്തവരിൽ 52.9 ശതമാനം പേർ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നു. ഫെബ്രുവരി അവസാനയാഴ്ച ഇത് 48.1 ശതമാനമായിരുന്നു. ഇടത് സർക്കാർ തുടരണമെന്ന് അഭിപ്രായമുള്ളവർ 43.3 ശതമാനമാണ്. ഫെബ്രുവരി അവസാനയാഴ്ച 46.7 ശതമാനം ആളുകൾക്കാണ് ഈ നിലപാടുണ്ടായിരുന്നത്.

പുതുയുഗയാത്രയ്ക്ക് ശേഷം പ്രതിപക്ഷ നേതാവിൻ്റെ റേറ്റിങ് ഉയർന്നോ?

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗയാത്ര തിരുവനന്തപുരത്ത് വൻ ജനപങ്കാളിത്തത്തോടെ അവസാനിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ജാഥയ്ക്കൊപ്പം ജാഥാക്യാപ്റ്റനും പിന്തുണയേറിയോ എന്നതാണ് ഈയാഴ്ചത്തെ സർവേ ഫലത്തിൽ ഏവരും ഉറ്റുനോക്കുന്നത്. എന്തായാലും പ്രതിപക്ഷനേതാവിൻ്റെ പ്രകടനം ഈയാഴ്ച മെച്ചപ്പെടുന്നു എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 35.2 ശതമാനം പേർ പ്രതിപക്ഷ നേതാവിൻ്റെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി അവസാനയാഴ്ച ഇത് 33.1 ശതമാനമായിരുന്നു.

പ്രതിപക്ഷ നേതാവിൻ്റെ പ്രകടനം മോശമെന്ന് അഭിപ്രായമുള്ളവരാണ് ഇപ്പോഴും കൂടുതൽ. സർവേയിൽ പങ്കെടുത്തവരിൽ 38.5 ശതമാനം പേർ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി അവസാനയാഴ്ച ഇത് 35.7 ശതമാനമായിരുന്നു. ഫെബ്രുവരി മൂന്നാംവാരമാണ് ആദ്യമായി പ്രതിപക്ഷനേതാവിൻ്റെ പ്രകടനം വിലയിരുത്തിയത്. അപ്പോൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവർ 33.2 ശതമാനമായിരുന്നു.

മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിൽ ഈയാഴ്ചയും മാറ്റമില്ല. അത് വി.ഡി. സതീശൻ തന്നെ. സർവേയിൽ പങ്കെടുത്തവരിൽ 29.2 ശതമാനം പേർ സതീശനെ പിന്തുണച്ചു. പിണറായി വിജയനാണ് തൊട്ടുപിന്നിൽ. 25.1 ശതമാനം പേരുടെ പിന്തുണ പിണറായിക്കുണ്ട്. 11.7 ശതമാനം പേർ ശശി തരൂരിനൊപ്പമാണ്.

ജനകീയ പദ്ധതികള്‍  പ്രതിച്ഛായ വര്‍ധിപ്പിച്ചോ ? മുഖ്യമന്ത്രിയുടെ പ്രകടനമികവ്  ഈയാഴ്ച എങ്ങിനെ ?

വയനാട് പുനരധിവാസമടക്കം ഇടത് സർക്കാർ ആവിഷ്കരിച്ച ഒട്ടേറെ ജനകീയ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടന്നയാഴ്ചയാണ് കടന്നുപോയത്. പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തീകരിച്ചത് മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയരാൻ കാരണമായോ? ഒട്ടേറെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലും മുഖ്യമന്ത്രിയുടെ പ്രകടനത്തിന് ജനപിന്തുണ ഉയരുന്നതായാണ് പോയ ആഴ്ചകളിലെ സർവേയിൽ കണ്ടത്. ഈയാഴ്ച പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സർവേഫലം വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയിലേതുപോലെ 31.3 ശതമാനം പേർ പ്രകടനം നല്ലതെന്ന് വിലയിരുത്തുന്നു. മോശമെന്ന് വിലയിരുത്തിയവർ 49.1 ശതമാനമാണ്. കഴിഞ്ഞയാഴ്ച ഇത് 46.7 ശതമാനമായിരുന്നു. ശരാശരിയെന്ന് 16.2 ശതമാനം പേരും വിലയിരുത്തി.

മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് കരുതുന്നവരാണ് ഇപ്പോഴും കൂടുതൽ. ഫെബ്രുവരി ആദ്യവാരത്തെ   അപേക്ഷിച്ച്  മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെടുന്നവര്‍   കുറഞ്ഞുവന്നിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയിൽ നേരിയ വർധനയുണ്ടായി. 53.1% പേരാണ് ഫെബ്രുവരി ആദ്യത്തെ ആഴ്ച മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. രണ്ടാംവാരം അത് ഉയർന്ന് 54.6 ശതമാനമായി. എന്നാൽ മൂന്നാംവാരം മുതൽ മുഖ്യമന്ത്രിയെ എതിർക്കുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടായി. 48.5 ശതമാനം പേരാണ് മൂന്നാമത്തെ ആഴ്ചയിലെ ട്രാക്കർ സർവേയിൽ മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. ഫെബ്രുവരി നാലാം ആഴ്ച അത് വീണ്ടും ഇടിഞ്ഞ് 46.7 ശതമാനത്തിലെത്തി. മാർച്ച് ആദ്യവാരം അത് വീണ്ടും ഉയർന്ന് 49.1 ശതമാനമായി.

മാർച്ച് ആദ്യവാരത്തെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടർമാർ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളുമാണ് സർവേയുടെ ഭാഗമാകുന്നത്. കഴിഞ്ഞയാഴ്ച എല്ലാ ജില്ലകളിൽ നിന്നുമായി സ്നാപ് പോളിൽ വിവരം ശേഖരിച്ചത് 1,759 പേരിൽ നിന്നാണ്. ട്രാക്കർ സർവേയിൽ 5,966 പേർ പങ്കെടുത്തു.

വയനാട് പുനരധിവാസം: സർക്കാർ നടപടികൾ മാതൃകാപരമോ? കോൺഗ്രസ് വാക്കുപാലിച്ചോ?

ഏറ്റെടുത്ത ജനകീയ ദൗത്യങ്ങളാകും തിരഞ്ഞെടുപ്പിൽ പലപ്പോഴും മുന്നണികൾക്ക് പിടിവള്ളിയായി മാറുക. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുത്ത പദ്ധതികൾ തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തീകരിക്കാൻ സർക്കാർ വലിയ പരിശ്രമമാണ് നടത്തിയത്. പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഭവനപദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു കഴിഞ്ഞു. വയനാട് പുനരധിവാസ പദ്ധതികൾ മാതൃകാപരമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ സർവേയിൽ ഉന്നയിച്ചത്. സർവേയിൽ പങ്കെടുത്ത 52.3% പേർ നടപടികൾ മാതൃകാപരം എന്ന് അഭിപ്രായപ്പെട്ടു. 36.6% ആളുകൾക്കാണ് എതിരഭിപ്രായമുള്ളത്.

രാഷ്ട്രീയ കക്ഷികളും ദുരിതബാധിതർക്കായി ഭവനപദ്ധതികൾ ഏറ്റെടുത്തിരുന്നു. ഇതനുസരിച്ച് മുസ്ലീംലീഗ് നിർമിച്ച ഭവനങ്ങള്‍ ഇതിനോടകം ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. കോൺഗ്രസ് ആവിഷ്കരിച്ച ഭവനപദ്ധതിക്ക് ആഴ്ചകൾക്ക് മുൻപ് മാത്രമാണ് തറക്കല്ലിട്ടത്. നിർമാണ പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുനരധിവാസ കാര്യത്തിൽ കോൺഗ്രസ് വാക്കുപാലിച്ചോ എന്ന ചോദ്യം സർവേയിൽ പങ്കെടുത്തവർക്ക് മുന്നിൽ ഉന്നയിച്ചത്. വാക്കുപാലിച്ചില്ലെന്ന് സർവേയിൽ പങ്കെടുത്ത 55.1 ശതമാനം പേർ അഭിപ്രായപ്പെട്ടു. വാക്കുപാലിച്ചെന്ന് അഭിപ്രായപ്പെട്ടവർ 32.2 ശതമാനമാണ്. 12.7 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ENGLISH SUMMARY:

Malayala Manorama Online News reports on a recent survey revealing voter opinions on political figures and party dynamics ahead of elections. The survey highlights public perception regarding potential discrimination against Shylaja Teacher and grievances of G Sudhakaran, alongside analyses of CM candidate preferences and government support.