സിഎംആര്‍എല്‍–എക്സാലോജിക് കേസിന്‍റെ ഭാഗമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡിനെ കുറിച്ച് സംസ്ഥാനത്തെ അറിയിച്ചില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പൊലീസിനെയും അറിയിച്ചിട്ടില്ല.  നേരത്തെ തന്നെ കേന്ദ്ര ഏജന്‍സി റജിസ്റ്റര്‍ ചെയ്ത കേസാണ്. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു റോളുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലത്ത്  ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി റെയ്ഡ് നടക്കുന്ന വിവരം സര്‍ക്കാരിനോ പൊലീസിനോ അറിയാതെയിരുന്നിട്ടും പൊലീസിനെ വിട്ട ആഭ്യന്തര മന്ത്രിയെ താന്‍ അഭിനന്ദിക്കുകയാണെന്നും കുറേ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ അതുവഴി കഴിഞ്ഞുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പരിശോധനയ്ക്കെത്തുന്നവരെ ആക്രമിച്ച സമീപനം ശരിയാണോയെന്നും മുഖ്യമന്ത്രി ചോദ്യമുയര്‍ത്തി. 'ഒരു കേസന്വേഷണത്തിന്‍റെ ഭാഗമായി വരുന്ന സ്ത്രീകളടക്കമുള്ള ആളുകളെ ഒരുസംഘം ക്രിമിനലുകള്‍ വേണമെങ്കില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരുസംഘം ആക്രമിച്ച് ആ കാര്‍ തല്ലിപ്പൊളിക്കുന്നു. അതിനകത്തുള്ളവരെ മര്‍ദിക്കുന്നു. അത് ക്രമസമാധാനലംഘനമാണ്. ഒഫന്‍സാണ്. അത് ഒരുകാരണവശാലും അനുവദിക്കില്ല. ഒരു സെന്‍ട്രല്‍ ഏജന്‍സി വന്ന് അവരുടെ അന്വേഷണത്തിന്‍റെ ഭാഗമായി അവര്‍ അവിടെ നടപടികള്‍ എടുത്തു. ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആരോപണം കൂടിയല്ലേ. ഞങ്ങള്‍ കൂടി ഉന്നയിച്ചിട്ടുള്ള ഒരു ആരോപണമാണ്.  അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെക്കുറിച്ച് ഞങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. നാലുകൊല്ലം മുന്‍പുണ്ടായ കേസാണ്. ഇതുവരെ ഒന്നും അവര്‍ ചെയ്തിട്ടില്ല. ഈ അധികാരത്തില്‍ നിന്ന് എല്‍ഡിഎഫ് ഗവണ്‍മെന്‍റ് താഴെയിറങ്ങുന്നതുവരെ ഒന്നും ചെയ്തിട്ടില്ല'- മുഖ്യമന്ത്രി പറഞ്ഞു. 

പിണറായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിനെയും വി.ഡി.സതീശന്‍ പരിഹസിച്ചു. 'പുറത്തിറങ്ങി വന്നിട്ട് രാഹുല്‍ ഗാന്ധിയെയാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെവിട്ടത്? അദ്ദേഹം പ്രധാനമന്ത്രിയെയോ ബിജെപി നേതാക്കളെയോ ബിജെപി സര്‍ക്കാരിനെയോ ആരെയും കുറ്റപ്പെടുത്തിയില്ല. ഒരാളെയും കുറ്റപ്പെടുത്തിയില്ല. അദ്ദേഹം കുറ്റം പറയാനുണ്ടായിരുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ ഗാന്ധിക്കെതിരായി കേസ് വന്നപ്പോള്‍ രാഹുല്‍ ഗാന്ധി എന്താണ് ചെയ്തത്? അന്വേഷിക്കാന്‍ വന്ന ആളുകളുടെ വാഹനം കോണ്‍ഗ്രസുകാരെ വിട്ട് തല്ലിപ്പൊളിക്കുകയാണോ ചെയ്തത്? അല്ല. 55 മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നു, പലപ്രാവശ്യമായിട്ട്. തുടര്‍ച്ചയായി ആ കേസുമായി സഹകരിച്ചു, ഇല്ലേ. ആ കേസുമായി സഹകരിച്ചു. അത് രാഷ്ട്രീമായി എടുത്തിരിക്കുന്ന ഒരു കേസാണ് എന്നുള്ളതുകൊണ്ട് ഞങ്ങള്‍ അതിനെ രാഷ്ട്രീയമായി എതിര്‍ത്തു.  മുഖ്യമന്ത്രിയുടെ കുടുംബത്തിലെ അംഗത്തിനെതിരായി കേസെടുത്തിരിക്കുന്നത് രാഷ്ട്രീയമാണെങ്കില്‍ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം.

ഞാന്‍ ചോദിക്കട്ടെ, അതിന്‍റെ തലേദിവസമല്ലേ ഈ കേസിലെ ഒരു കക്ഷി കോടതിയില്‍ പോയപ്പോള്‍ കോടതി ആ അന്വേഷണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ പോയപ്പോള്‍ ആ പെറ്റീഷന്‍ തള്ളി. അന്വേഷണം തുടരണമെന്ന് ഏജന്‍സിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ നിയമപരമായ വഴിയിലല്ലേ അന്വേഷണം നടക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് റെയ്ഡ് നടത്തിയതിനെയും അന്വേഷണം നടത്തിയതിനെയും വിമര്‍ശിക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്‍റിന് എന്ത് അധികാരമാണുള്ളത്? ഞങ്ങള്‍ അങ്ങനെ പറയാമോ? പാടില്ലല്ലോ. ഒരു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്ന കേസില്‍ കോടതി അന്വേഷണം അനുവദിച്ച കേസില്‍, ആ അന്വേഷണം നടത്താന്‍ പാടില്ല അന്വേഷണം ഇങ്ങനെവേണം, അന്വേഷിക്കേണ്ടത് ഇങ്ങനെയാണ് എന്ന് ഞങ്ങള്‍ക്ക് പറയാമോ? ഞങ്ങള്‍ അതിന്‍റെ കോംപീറ്റന്‍റ് അതോറിറ്റിയാണോ? അല്ല.  ഞങ്ങള്‍ക്ക് ക്രമസമാധാനപ്രശ്നമുണ്ടായാല്‍ അതില്‍ ഇടപെടും. ഇടപെട്ടു, ശക്തമായ നടപടികള്‍ സ്വീകരിക്കും.

അത് തെറ്റാണത്, അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഗുരുതരമായ കുറ്റകൃത്യമാണ് അവിടെ നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുകയും അവരുടെ വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് ആവര്‍ത്തിക്കാന്‍ പാടില്ല. അതാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങള്‍ക്ക് അതില്‍ നിലപാടുണ്ട്'-വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Chief Minister V.D. Satheesan clarified that the state government and local police were not given any prior intimation regarding the recent ED raids conducted as part of the CMRL-Exalogic investigation. Terming Opposition Leader Pinarayi Vijayan's allegations of a hidden "Modi-V.D. deal" a complete joke, the Chief Minister maintained that the central agency was merely acting on long-standing cases validated by the judiciary. Satheesan strongly condemned the violent mobilization that led to the assault on investigating officers and the vandalism of their vehicles, classifying the incident as a severe, non-permissible offense. He mocked the Opposition Leader for targetting Congress leader Rahul Gandhi instead of the BJP government upon his return, contrasting the violence with Gandhi's peaceful compliance during historical central inquiries. While praising the Home Minister for swiftly deploying law enforcement to mitigate further political clashes, the Chief Minister reiterated that the state will take strict punitive action against the rioters involved.