kanpur-murder

ഭര്‍ത്താവിന്റെ കൊലപാതകം അയല്‍ക്കാരുടെമേല്‍ കെട്ടിവച്ച് തന്ത്രപരമായി കരുക്കള്‍ നീക്കിയിട്ടും ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായി ഭാര്യ. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. മേയ് 11ന് രാത്രിയായിരുന്നു ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധീരേന്ദ്ര കൊല്ലപ്പെട്ടത്. ട്രാക്ടര്‍ മുതലാളിയായിരുന്ന ധീരേന്ദ്രയുടെ ഭാര്യ റീന കൊലപാതകം നടത്തിയത് അയല്‍ക്കാരനായ കീര്‍ത്തി യാദവും മക്കളുമാണെന്ന് ആരോപിച്ചു.  ട്രാക്ടര്‍ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് കൊലയ്ക്കു കാരണമെന്നും റീന മറ്റുള്ളവരെയും പൊലീസിനേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് അത് പൂര്‍ണമായും വിശ്വസിച്ചില്ല. റീനയ്ക്കു പുറകേ രഹസ്യമായി അന്വേഷണം നടത്തി. കൊലപാതകത്തില്‍ പ്രതികളെ പിടികൂടാനായി പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയെവരെ കൂട്ടുപിടിച്ച് റീന പ്രതിഷേധം നടത്തി. 

പ്രാദേശിക പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് അയല്‍ക്കാരനായ കീര്‍ത്തി യാദവിനും മക്കള്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. എങ്കിലും റീനയുടെ നീക്കങ്ങളില്‍ കടുത്ത സംശയം തോന്നിയ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി. മൃതദേഹം കിടന്നത് വീടിനു വെളിയിലെ കട്ടിലില്‍ ആയിരുന്നു. വീടിനുള്ളിലും രക്തക്കറ കണ്ടെത്തി. പുറത്തുനിന്നുള്ളവരാണ് കൊലപാതകികളെങ്കിൽ വീടിനുള്ളിൽ എങ്ങനെ രക്തക്കറ വരുമെന്നതായിരുന്നു പൊലീസിന് സംശയമുളവാക്കിയ കാര്യം. റീനയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ കാമുകനും ബന്ധുവുമായ സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ദിവസവും ഏതാണ്ട് അറുപത് തവണയില്‍ കൂടുതല്‍ റീന സതീഷിനെ വിളിച്ചു സംസാരിക്കാറുണ്ട്. ഇരുവരേയും ഇരുത്തി ചോദ്യംചെയ്തതോടെ കാര്യങ്ങള്‍ വ്യക്തമായി.

സതീഷും റീനയും തമ്മിലുണ്ടായിരുന്ന രഹസ്യവിവരം ഭര്‍ത്താവ് ധീരേന്ദ കണ്ടുപിടിച്ചു. ഈ ബന്ധം തുടരരുതെന്ന് താക്കീത് നല്‍കി. പിന്നാലെ റീനയും സതീഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. അന്നുരാതി കടുത്ത ചൂട് കാരണം വീടിനു പുറത്തെ കട്ടിലില്‍ കിടന്ന ധീരേന്ദ്രയ്ക്ക് രാത്രി ഭക്ഷണത്തില്‍ റീന ഉറക്കഗുളിക കലര്‍ത്തിയിരുന്നു. ബോധം നഷ്ടപ്പെട്ട് കിടന്ന ധീരേന്ദ്രയെ കൊലപ്പെടുത്താനായി റീന കാമുകനെ വിളിച്ചുവരുത്തി. മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. 

പൊലീസിന്റെ ചോദ്യംചെയ്യലില്‍ റീന കുറ്റം സമ്മതിച്ചു. വീട്ടിലെ ശുചിമുറിയില്‍ നിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടതാണ് പൊലീസിന് കേസില്‍ നിര്‍ണായകമായത്. റീനയുടേയും സതീഷിന്റേയും ഫോണ്‍ പരിശോധിച്ചതും നിര്‍ണായകമായി. ഇരുവരുടെയും ഫോണില്‍നിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി.

ENGLISH SUMMARY:

UP woman murders husband to be with nephew, frames neighbours; arrested. The husband, a tractor owner, was found murdered at his home