പാക് ഭീകരത വിദേശരാജ്യങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാനായി സർക്കാർ രൂപീകരിച്ച സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്യത്തിൻ്റെ നിലപാടും മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിക്കേണ്ട കാര്യങ്ങളും വിശദീകരിക്കും. സഞ്ജയ് ജാ, ശ്രീകാന്ത് ഷിൻഡെ, കനിമൊഴി എന്നിവർ നേതൃത്വം നൽകുന്ന പ്രതിനിധി സംഘങ്ങളുമായാണ് വിക്രം മിശ്രി വൈകീട്ട് മൂന്ന് മണിക്ക് കൂടിക്കാഴ്ച നടത്തുക.
കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീർ, എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. പഹൽ ഗാം ആക്രമണം. ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ, തുടർ നീക്കം, പാക് ആരോപണങ്ങളുടെ സത്യാവസ്ഥ തുടങ്ങിയവ മിശ്രി വിവരിക്കും. മറ്റന്നാൾ മുതലാണ് സംഘങ്ങൾ പര്യടനം ആരംഭിക്കുന്നത്. അതേസമയം സർക്കാർ ഏക പക്ഷീയമായി തീരുമാനിച്ച സംഘത്തിൽ നിന്ന് പ്രതിപക്ഷം മാറി നിൽക്കണമെന്ന ആവശ്യം ശിവസേന അടക്കമുള്ള പാർട്ടികൾ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ചത് 800നും ആയിരത്തിനും ഇടയിൽ ഡ്രോണുകളെന്ന് വ്യോമസേന. ആക്രമിക്കാൻ ശേഷിയുള്ളതും നിരീക്ഷണ ഉദ്ദേശത്തിലുമുള്ള ഡ്രോണുകളാണ് അയച്ചത്. ഈ ഡ്രോണുകളിൽ ബഹുഭൂരിപക്ഷവും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും വ്യോമസേന അറിയിച്ചു. പാക് ആക്രമണം മുൻകൂട്ടി കണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങൾ അമൃത്സറിലെ സുവർണ ക്ഷേത്ര കോംപൗണ്ടിന് അകത്തും സ്ഥാപിച്ചിരുന്നു. ലൈറ്റുകൾ അണച്ച് സുവർണ ക്ഷേത്ര അധികൃതർ സേനയോട് സഹകരിച്ചു.
ഇന്ത്യ വീഴ്ത്തിയ പാക് യുദ്ധവിമാനങ്ങളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടേക്കും. ഒരു F 16, ഒരു JF 17 C, രണ്ട് മിറാഷ്, ഒരു ചരക്ക് വിമാനം ഒരു നിരീക്ഷണ വിമാനവും തകർത്തുവെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ സേനയും പുറത്തിറക്കും. കര - വ്യോമ സേനകൾ പാക്കിസ്ഥാന്റെ ആക്രമണത്തിന്റെയും ഇന്ത്യയുടെ പ്രതിരോധത്തിന്റെയും ശക്തമായ തിരിച്ചടിയുടെയും ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിടുക.